കൊച്ചി: വൈപ്പിൻ നായരമ്പലത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ ചിട്ടിക്കമ്പനിയായ നായരമ്പലം ദി ട്രേഡിംഗ് ആൻഡ് ചിട്ടി ഫണ്ട്‌സിനെതിരെ പരാതിപ്രളയം. ഉയർന്ന പലിശ വാഗ്ദാനം ചെയ്തു നാട്ടുകാരിൽനിന്നു 25 ലക്ഷത്തോളം നിക്ഷേപം സ്വീകരിച്ചശേഷം തുക തിരികെ നൽകിയില്ലെന്ന കേസിൽ ചിട്ടിക്കമ്പനി ഉടമയെ ഇന്നലെ ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ചിറ്റാളന്മാർ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ എം.ഡി നായരമ്പലം കാട്ടിപ്പറമ്പിൽ ജോഷിയാണ് (57) അറസ്റ്റിലായത്. ഇയാൾ റിമാൻഡിലാണ്. പതിനഞ്ചോളം നിക്ഷേപകർ നൽകിയ പരാതിയിൽ നായരമ്പലത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എം.ഡിയെക്കൂടാതെ കമ്പനിയുടെ നാല് ഡയറക്ടർമാരും വഞ്ചനാക്കേസിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരെല്ലാം ഒളിവിലാണ്. 89 വർഷമായി പ്രവർത്തിച്ചുവന്നിരുന്ന ഈ സ്ഥാപനം സ്വർണപ്പണയം, കുറി, ചിട്ടി, തുടങ്ങിയ മറ്റ് സാമ്പത്തിക ഇടപാടുകളും നടത്തുന്നുണ്ട്.
കേസിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടാൻ സാദ്ധ്യതയുണ്ടെന്നും ഞാറക്കൽ സി.ഐ പറഞ്ഞു. 13.5 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് കമ്പനി നിക്ഷേപകരെ ആകർഷിച്ചത്. നിക്ഷേപിച്ചവർ ഭൂരിഭാഗവും ഗവ. സർവീസിൽ നിന്നു വിരമിച്ചവരാണ്. ബാങ്കിലെ കുറഞ്ഞ പലിശ നിരക്കിലുള്ള നിക്ഷേപം പിൻവലിച്ച് ഇവിടെ നിക്ഷേപിച്ചവരുമുണ്ട്. ഇതുവരെ ലഭിച്ച പരാതി അനുസരിച്ചാണ് 25 ലക്ഷം രൂപയുടെ തട്ടിപ്പെന്നു പൊലീസ് പറയുന്നത്. തട്ടിപ്പ് സംബന്ധിച്ച രേഖകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിക്ഷേപങ്ങൾക്ക് പ്രോമിസറി നോട്ടും നൽകിയിട്ടുണ്ട്. നോട്ട് നിരോധനവും പ്രളയവുമാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയതെന്നാണ് അറസ്റ്റിലായ എം.ഡി പൊലീസിനോട് പറഞ്ഞത്.