''ആ... " രാഹുലിന്റെ അലർച്ച പുഞ്ചപ്പാടത്തിനു മീതെ നിരന്നു പോയി.... അതിനു പകരം എന്നവണ്ണം കരയിൽ എവിടെ നിന്നോ ഒരു കുളക്കോഴിയുടെ ശബ്ദം കേട്ടു.
ജെയിംസ് ഒരു ടോർച്ചെടുത്തു തെളിച്ചു...
വലതു കൈപ്പത്തി ഇല്ലാതെ നിൽക്കുന്നു രാഹുൽ... ഇടം കൈൊണ്ട് അവൻ വലം കയ്യിൽ മുറുകെ പിടിക്കുന്നു...
പൈപ്പ് പൊട്ടിയതു പോലെ ചീറ്റിത്തെറിക്കുന്ന ചോര!
അവിശ്വസനീയതയോടെ രാഹുൽ തന്റെ കയ്യിലേക്കു നോക്കി.
''ഒരുപാട് പെൺകുട്ടികളുടെ മാനവും ഒത്തിരിപ്പേരുടെ പ്രാണനും കവർന്നെടുത്ത നിന്റെ കൈ..."
അവന്റെ തൊട്ടുമുന്നിൽ നിന്ന് ചോരയൊലിക്കുന്ന മടവാൾ നീട്ടി വിജയ കടപ്പല്ലമർത്തി.
''എന്റെ കൂട്ടുകാരി പ്രസീതയും അവളുടെ ഭർത്താവ് ആനന്ദ്രാജും നിനക്ക് എന്തു ദ്റോഹമാടാ ചെയ്തത്? എന്റെ അച്ഛനും ഏട്ടനും നിന്റെ തന്ത മരണം വിധിച്ചത് എന്തിനാടാ?"
വിജയയുടെ ശബ്ദം മുറുകി.
''കണക്കുകൾ എത്ര കൂട്ടിയാലും കുറച്ചാലും മരണത്തിൽ കുറഞ്ഞതൊന്നും നിനക്ക് തരാതിരിക്കാനാവില്ല...."
''വിജയേ... ഒരു കൈ പോയാൽ എനിക്കു പുല്ലാടീ. എന്നാലും നിന്നെ വിടില്ല ഞാൻ."
രാഹുൽ വീറോടെ പാഞ്ഞു.
''അതിന് നിന്നെ ജീവനോടെ വിട്ടിട്ടുവേണ്ടേ? നാൽക്കാലിക്കൽ തോട്ടിൽ എന്റെ ഭാര്യയുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും ശവശരീരങ്ങൾ കിടക്കുന്നത് ഇപ്പോഴും ഞാൻ കാണുന്നുണ്ട്. അതിന് നിന്നോടു കണക്ക് തീർത്തില്ലെങ്കിൽ അവരുടെ ആത്മാവിന് നിത്യശാന്തി കിട്ടത്തില്ലെടാ.... " ഗർജ്ജിച്ചുകൊണ്ട് ജെയിംസ്, വിജയയുടെ കയ്യിൽ നിന്ന് മടവാൾ പിടിച്ചുവാങ്ങി.
''ജെയിംസേ വേണ്ടാ... രാഹുൽ രണ്ടടി പിന്നോട്ടു മാറി.
ചോര വാർന്നു പോകുന്നതിനാൽ അവൻ തളർന്നു തുടങ്ങിയിരുന്നു.
ജെയിംസ് ഒന്നും ശ്രദ്ധിച്ചില്ല. കണ്ണുകൾ രാഹുലിന്റെ പേടിപ്പിടിച്ച മുഖത്തായിരുന്നു.
അവിടെ നിന്നും ടോർച്ചിന്റെ വെളിച്ചം മാറ്റാതെ ജെയിംസ് ഒറ്റ വെട്ട്!
രാഹുലിന്റെ ശിരസ്സിനു നെടുകെ!
ഒരു തടിയിൽ എന്നവണ്ണം അവന്റെ തലയോട് നടുവെ പകുതി പിളർത്തി മടവാൾ അങ്ങനെ തന്നെയിരുന്നു...
രാഹുൽ ഒരു നിമിഷം നിശ്ചലനായി. പിന്നെ ഒന്നു പിടയുക പോലും ചെയ്യാതെ ഒരു വശത്തേക്കു വീണു...
മടവാളിലൂടെയും രക്തം ഒലിച്ചിറങ്ങിത്തുടങ്ങി.
ജെയിംസ് അവനെയും വലിച്ച് വെള്ളത്തിൽ കളഞ്ഞു.
***
കോളിംഗ് ബെൽ നിർത്താതെ ശബ്ദിക്കുന്നതു കേട്ടാണ് എസ്.പി അരുണാചലം ഉണർന്നത്.
ബെഡ്റൂം ലാംപ് തെളിച്ചിട്ട് അയാൾ സെൽഫോണിൽ സമയം നോക്കി.
പുലർച്ചെ 4.10
അയാൾ ചെന്ന് ഹാളിലെയും സിറ്റൗട്ടിലെയും ലൈറ്റു തെളിച്ചു. ശേഷം ക്വാർട്ടേഴ്സിന്റെ വാതിൽ തുറന്നു.
ഏറ്റവും മുന്നിൽ വിജയ.
അതിനു പിന്നിൽ ജെയിംസും പിങ്ക് പോലീസും.
''സാർ..." എല്ലാവരും അറ്റൻഷനായി.
വിജയയുടെ ചുണ്ടുചലിച്ചു.
''സർ... ദ് ഗെയിം ഈസ് ഓവർ."
അരുണാചലത്തിന്റെ കണ്ണുകളിൽ ഒരു തിളക്കം വന്നു.
വിജയ കൈകൾ അയാൾക്കു മുന്നിലേക്കു നീട്ടി.
''സർ... ഞാൻ നിയമത്തെ അനുസരിക്കുന്നു. എല്ലാം ചെയ്തത് ഞാൻ മാത്രമാണന്നേ ആകാവൂ. ഇവരെയൊന്നും കേസിൽ പെടുത്തരുത്. എന്നെ അറസ്റ്റുചെയ്യണം."
പെട്ടെന്ന് വിജയയെ തള്ളിമാറ്റി ജെയിംസ് മുന്നിലെത്തി.
''എല്ലാ കൊലപാതകങ്ങളുടെയും ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു സാർ... ഭാര്യയോ മക്കളോ കുടുംബമോ ഇല്ലാത്ത എനിക്ക് എന്തു ശിക്ഷ കിട്ടിയാലോ ഇനിയുള്ള കാലം എവിടെ കഴിഞ്ഞാലോ എന്താണ്? വിജയയ്ക്കൊക്കെ ജീവിതം ഒരുപാട് ബാക്കി കിടപ്പുണ്ടല്ലോ?"
പുഞ്ചിരിച്ചുകൊണ്ട് എസ്.പി തലകുടഞ്ഞു.
''എത്രയോ കേസുകളിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും നമുക്ക് നിസ്സഹായരായി നിൽക്കേണ്ടി വന്നിട്ടുണ്ട്? ഇവിടെ നമ്മൾക്ക് പ്രതികളെ കണ്ടുപിടിക്കാൻ കഴിയുന്നതേയില്ല പോരേ?"
ജെയിംസ് മിണ്ടിയില്ല.
അരുണാചലം തിരിഞ്ഞ് വിജയയെ നോക്കി.
വിജയ ഈ കാക്കി കുപ്പായം ഉപേക്ഷിക്കണമെന്നാണ് എനിക്ക് പറയുവാനുള്ളത്.
''സർ...? വിജയ അമ്പരന്നു.
''അതെ. കാക്കിയിട്ടുകൊണ്ട് നേരായരൂപത്തിൽ നമുക്ക് ഒന്നും ചെയ്യുവാൻ കഴിയില്ലെന്ന് ബോദ്ധ്യമായല്ലോ. എന്തും ചെയ്യാൻ ഇന്നു കഴിയുന്നത് രാഷ്ട്രീയത്തിനാണ്."
വിജയ സന്ദേഹത്തോടെ നിന്നു. അരുണാചലം തുടർന്നു:
''രാജസേനന്റെ മരണത്തോടെ ഇവിടെ നടക്കാൻ പോകുന്ന ബൈ ഇലക്ഷനിലാവട്ടെ തുടക്കം. നിനക്ക് അറിയാമല്ലോ... ആരെയും ജയിപ്പിക്കാനും തോൽപ്പിക്കാനും പോലിസ് നോക്കിയാൽ കഴിയും. ഇവിടെ പോലീസ് നിനക്കൊപ്പം ഉണ്ടാകും. നല്ല രാഷ്ട്രീയം എന്തെന്ന് നീ കാണിച്ചുകൊടുക്കണം മറ്റുള്ളവർക്ക്. നിന്നെ ആരും ഒന്നും ചെയ്യില്ല. ഇത് എന്റെ ഉറപ്പാണ്."
''അതു നന്നായി സാർ..." ജെയിംസും പിങ്ക് പോലീസ് അംഗങ്ങളും എസ്.പിയെ പിൻതാങ്ങി.
വിജയ മാത്രം അപ്പോഴും പ്രതികരിക്കാനാവാതെ നിന്നു.
(അവസാനിച്ചു)