മൂവാറ്റുപുഴ: കെ.എസ്.എഫ്.ഇയുടെ മൂവാറ്റുപുഴ, തൊടുപുഴ ശാഖകളിൽ നിന്നും മുക്കുപണ്ടം പണയം വച്ച് രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പ്രതികൾക്ക് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് നൽകിയ കൂട്ടുപ്രതികൾക്കായി അന്വേഷണം. കോട്ടപ്പടി ചിറ്റേത്തുകൂടി വീട്ടിൽ സി.എം.മക്കാർ (56), തൊടുപുഴ കാരിക്കോട് കമ്പക്കലായിൽ വീട്ടിൽ ആഷിക് എം.നാസർ (23) എന്നിവരാണ് തട്ടിപ്പ് കേസിൽ പിടിയിലായത്. മുൻ എസ്.ഐയാണ് മക്കാർ.
കെ.എസ്.എഫ് ഇ യുടെ മൂവാറ്റുപുഴ ശാഖയിൽ മുക്കുപണ്ടം പണയം വച്ച് 1,65,000 രൂപയും തൊടുപുഴ ബ്രാഞ്ചിൽ നിന്നും 70,000 രൂപയും മാണ് ഇവർ തട്ടിയെടുത്തത്. ഇടുക്കി കഞ്ഞിക്കുഴിയിലെ സ്വകാര്യ ബാങ്കിലും സമാന രീതിയിൽ തട്ടിപ്പു നടത്തിയിട്ടുണ്ട്. സമാനമായ ഒട്ടേറെ കേസുകളിൽ ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും മക്കാർ പ്രതിയാണ്. പലതവണ ജയിൽവാസം അനുഭവിച്ചിട്ടുമുണ്ട്. ജാമ്യത്തിൽ ഇറങ്ങി ഗോവയിൽ ഒളിവുജീവിതത്തിൽ ആയിരുന്നു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിൽ സമർപ്പിച്ചും സി.സി.ടി.വി കാമറകൾ ഇല്ലാത്ത ബ്രാഞ്ചുകൾ തിരഞ്ഞെടുത്തും ആയിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്.തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഗോവയിൽ ചൂതാട്ടത്തിനും ആർഭാട ജീവിതത്തിനും ഉപയോഗിച്ചുവരികയായിരുന്നു.പിടിയിലായ ആഷിക് ബികോം ബിരുദധാരിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലും പ്രതിയാണ്.
ഇയാൾ ജോലി ചെയ്തിരുന്ന ഹോൾസെയിൽ മരുന്ന് വ്യാപാര സ്ഥാപനം വഴി 'ഒടിയൻ 'എന്ന പേരിൽ ഉള്ള ലഹരിമരുന്ന് വില്പന നടത്തിയതിനും മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലിൽ വച്ചു പരിചയപ്പെട്ട മക്കാരിനൊപ്പം ചേർന്ന് ഒരു തെളിവും അവശേഷിപ്പിക്കാതെ വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണ് പൊലീസ് നടത്തിയ സമർഥമായ നീക്കത്തിലൂടെ പിടിക്കപ്പെട്ടത്. ഇതിനായി ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറകൾ പൊലീസ് സംഘം പരിശോധിച്ച് കുറ്റവാളിയെന്ന് സംശയിക്കുന്ന ആളുകളെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.