തിരുവനന്തപുരം: ഫോൺകോളെടുക്കാത്തതിന്റെ വിരോധത്താലാണ് വട്ടിയൂർക്കാവ് മേലത്തുമേലെ ടി.സി 10/ 1308(1)ൽ എം.എം.ആർ.എ 41ൽ കൃഷ്ണഭവനിൽ രജനികൃഷ്ണയെ(40, ശാരിക) കുത്തിക്കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ഭർത്താവ് മലയിൻകീഴ് മേപ്പൂക്കട പഴയറോഡ് ശ്രീസദനത്തിൽ ശ്രീകുമാറിന്റെ (45) കുറ്റസമ്മതം. രജനിയുമായി ഏറെ നാളായി പിരിഞ്ഞുകഴിയുകയായിരുന്ന ശ്രീകുമാർ ഇന്നലെ ഉച്ചയ്ക്ക് പലതവണ മൊബൈലിൽ വിളിച്ചു. എന്നാൽ രജനി കോളെടുത്തില്ല. ഇതിൽ പ്രകോപിതനായ ശ്രീകുമാർ മലയിൻകീഴ് മേപ്പുക്കടയിലെ വീട്ടിൽ നിന്ന് വട്ടിയൂർക്കാവിലെ രജനിയുടെ വീട്ടിലെത്തി. വരും വഴി മദ്യം വാങ്ങി വന്ന ശ്രീകുമാർ വട്ടിയൂർക്കാവിലെ വീട്ടിലിരുന്ന് മദ്യപിച്ചശേഷം ഫോൺകോളെടുക്കാതിരുന്നതിനെച്ചൊല്ലി ഭാര്യയുമായി വഴക്കായി.
ഇതിനിടെ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് രജനിയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവ് കൃഷ്ണൻ നായരെയും (72) മാതാവ് രമാദേവിയെയും (68) ശ്രീകുമാർ ആക്രമിച്ചു. ഓടിയെത്തിയ നാട്ടുകാർ മൂവരെയും ഉടൻ തന്നെ പേരൂർക്കട ആശുപത്രിയിൽ എത്തിച്ചെങ്കിലും രജനികൃഷ്ണയെ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തിൽ കൃഷ്ണൻ നായർക്ക് നെഞ്ചിനുതാഴെയും പിൻവശത്തും ഗുരുതരമായി കുത്തേറ്റു. തോളിലും മുഖത്തുമാണ് രമാദേവിക്ക് പരിക്ക്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകം കണ്ട് നിലവിളിച്ച് വീട്ടിനുള്ളിൽ കയറി വാതിൽ അടച്ചതിനാൽ 13വയസുള്ള മകൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആക്രമണത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശ്രീകുമാറിനെ നാട്ടുകാർ പിടികൂടി വട്ടിയൂർക്കാവ് പൊലീസിൽ ഏൽപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പതിനഞ്ചുവർഷം മുൻപാണ് രജനികൃഷ്ണയെ ശ്രീകുമാർ വിവാഹം കഴിച്ചത്. നേരത്തെ വിദേശത്തായിരുന്ന ശ്രീകുമാർ മടങ്ങിയെത്തിയ ശേഷം കുടുംബപ്രശ്നങ്ങൾ കാരണം ഭാര്യയിൽ നിന്നും മക്കളിൽ നിന്നും അകന്നുകഴിയുകയായിരുന്നു. മദ്യപിക്കുന്നതിന് പുറമെ മറ്റു ലഹരി വസ്തുക്കൾക്കും അടിമയാണ് ശ്രീകുമാറെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനുംശേഷം ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പേയാട്ടെ ഒരു മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായിരുന്ന രജനികൃഷ്ണയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനിലെ പ്ലസ് വൺ വിദ്യാർത്ഥി മിഥുൻ, എട്ടാം ക്ലാസ് വിദ്യാർത്ഥിനി മിഥുല എന്നിവരാണ് മക്കൾ. സി.പി.എം മേലത്തുമേലെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കൃഷ്ണൻ നായർ നിലവിൽ ബ്രാഞ്ച് അംഗമാണ്. കൃഷ്ണൻ നായരും രമാദേവിയും പി.എസ്.സി മുൻ ജീവനക്കാരാണ്.