മനുഷ്യന്റെ നഗ്നനേത്രങ്ങൾക്ക് കാണാൻ പറ്റാത്ത കുറഞ്ഞ തരംഗ ദൈർഘ്യമായ പത്തു മുതൽ നാനൂറു നാനോമീറ്റർ മാത്രമുള്ള അൾട്രാ വയലറ്റ് അഥവാ യു.വി രശ്മികളുടെ തോത് അടുത്ത ദിവസങ്ങളായി സൂര്യപ്രകാശത്തിൽ കൂടി വരുന്നു. സൂര്യപ്രകാശത്തിൽ പത്തു ശതമാനത്തോളമുള്ള ഈ രശ്മികൾ ഒരു പരിധിയിൽ കൂടുന്നത് മനുഷ്യന് മാരകമാണ്. സൂര്യാഘാതം, സൂര്യാതപം തുടങ്ങി പല മാരകാവസ്ഥയ്ക്കും ഇത് കാരണമാകുന്നു.
സാധാരണയായി, അന്തരീക്ഷത്തിലുള്ള ഓസോൺ പാളി യു.വി റേഡിയേഷൻ പരമാവധി ഭൂമിയിലെത്താതെ തടസപ്പെടുത്തുന്നു. എന്നാൽ ഓസോൺ പാളിയുടെ കനം കുറയുന്നതും അതിലുണ്ടാകുന്ന വിള്ളലുകളും ഇത് വർദ്ധിച്ച തോതിൽ ഭൗമോപരിതലത്തിലെത്തുന്നതിന് കാരണമാവുന്നു. അന്തരീക്ഷത്തിലുള്ള കാർമേഘത്തിന്റെ കുറവും ആർദ്രതയുടെ കുറവും മറ്റു രണ്ട് കാരണങ്ങളാണ്. ഇതെല്ലാം യു.വി. റേഡിയേഷന്റെ തോത് ഈ മാസങ്ങളിൽ വർദ്ധിപ്പിക്കുന്നു.
ഭൂമിയിലെത്തുന്ന യു.വി രശ്മികളുടെ തോത് അളക്കുന്നത് അൾട്രാവയലറ്റ് സൂചിക അഥവാ യു.വി ഇൻഡക്സ് എന്ന സ്കെയിലാണ്. കാനഡയിലെ ശാസ്ത്രജ്ഞർ 1992ൽ വികസിപ്പിച്ച ഈ തോത് ഉപയോഗിച്ച് ദിനംപ്രതി ഓരോ സ്ഥലത്തുമുള്ള അൾട്രാ വയലറ്റ് രശ്മികളുടെ അളവിന്റെ പ്രവചനം ലഭ്യമാണ്. പൊതുജനങ്ങൾ ഇത് വലിയ പ്രാധാന്യം നൽകേണ്ട കാര്യമാണ്. പൂജ്യം മുതൽ പതിനൊന്നിനു മുകളിൽ വരെയാണീ സൂചിക. ഇതിന്റെ മൂല്യം മൂന്നു വരെയാണെങ്കിൽ വലിയ കുഴപ്പമില്ല. മൂന്നു മുതൽ ആറു വരെയാണെങ്കിൽ ഇടത്തരം തോതിൽ ദോഷങ്ങൾ ഉണ്ടാകാം. വളരെ കൂടുതൽ സമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കണം. മദ്ധ്യാഹ്നത്തിൽ തണലുള്ള സ്ഥലത്ത് നിൽക്കണം. വീതിയുള്ള തൊപ്പി അഥവാ കുട, സൺഗ്ളാസ് എന്നിവ ഉപയോഗിക്കണം. ഓരോ രണ്ടു മണിക്കൂറിലും എസ്.പി.എഫ് 30 + ക്രീമുകൾ ധാരാളമായി തൊലിയിൽ ഉപയോഗിക്കണം. സൂചിക 6 മുതൽ 9 വരെയാണെങ്കിൽ കൂടുതൽ ദോഷങ്ങളുണ്ടാകും. കണ്ണ്, തൊലി എന്നിവയ്ക്ക് മതിയായ സംരക്ഷണം നൽകണം. 11 മണി മുതൽ മൂന്നു മണി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിൽ പതിക്കുന്നതെന്നതിനാൽ ആ സമയത്ത് വെയിൽ ഒഴിവാക്കണം. സൂര്യപ്രകാശത്തെ തടയുന്ന വസ്ത്രം, കണ്ണട, കുട അഥവാ തൊപ്പി, ലോഷൻ ഇവയെല്ലാം ഉപയോഗിക്കണം. സൂചിക 9 മുതൽ 11 വരെ വളരെ ദോഷമുണ്ടാക്കുന്നു. മുകളിൽ പറഞ്ഞ മുൻകരുതലുകൾ വളരെ കൂടുതൽ ജാഗ്രതയോടെ ചെയ്യണം.
നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ ഈ സൂചിക മിക്ക സ്ഥലത്തും പത്തിനു മുകളിലാണ്. ചിലയിടങ്ങളിൽ 12ൽ എത്തിയതായി കാണാം. വളരെ മാരകമായ തോതാണിത്. സൂര്യാഘാതവുമുണ്ടാകും. രാവിലെ പത്തു മണിമുതൽ വൈകിട്ട് മൂന്നു മണി വരെ 15 മിനിട്ട് നേരിട്ട് സൂര്യപ്രകാശമേറ്റാൽ പോലും ക്ഷീണവും തൊലിയിലെ കോശങ്ങളിൽ സാരമായ മാറ്റങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് പത്രമാദ്ധ്യമങ്ങളിൽ വരുന്ന എല്ലാ മുൻകരുതലുകളും എടുക്കാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
(ലേഖകൻ സി.ടി.സി.ആർ.ഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റാണ്)