gandhi-family-

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ഒരേ കുടുംബത്തിൽ നിന്നുള്ളവർ മത്സരിക്കുന്നത് പുതിയ കാര്യമല്ല. പക്ഷേ, ഈ കുടുംബം അങ്ങനെയല്ല. ഇന്ത്യയിലെ വി.ഐ.പി നിരയിലെ പ്രധാനികൾ. ഇരുചേരികളിൽ നിൽക്കുന്നവർ. മത്സരിക്കുന്നതാകട്ടെ ഉത്തർപ്രദേശിലെ മണ്ഡലങ്ങളിലും. നെഹ്റു കുടുംബത്തിലെ അംഗങ്ങളാണെങ്കിലും സ്വരചേർച്ചയിലല്ല. ഇവരുടെ സ്‌ഥാനാർത്ഥിത്വവും മത്സരവുമെല്ലാം ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്നും ചർച്ചാ വിഷയമാണ്. ഇന്ദിരാ ഗാന്ധിയുടെ മൂത്ത മകൻ രാജീവ് ഗാന്ധിയുടെ ഭാര്യയും യു.പി.എ അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയും മകൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും, ഇന്ദിരയുടെ ഇളയ മകൻ സഞ്ജയ് ഗാന്ധിയുടെ ഭാര്യ കേന്ദ്രമന്ത്രി മേനക ഗാന്ധിയും മകൻ ബി.ജെ.പി നേതാവ് വരുൺ ഗാന്ധിയും- ഇവരാണ് ഈ അമ്മമാരും മക്കളും. ഇവരുടെ പോരാട്ടം രാജ്യമാകെഉറ്റുനോക്കുകയാണ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ അമ്മമാർ രണ്ടുപേരും മക്കൾക്കായി തങ്ങളുടെ സീറ്റുകൾ വച്ചുമാറിയവർ.

റായ്ബറേലിയിലാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. മകൻ രാഹുൽ അമേതിയിലും. 1999 മുതൽ 2004 വരെ അമേതിയിലായിരുന്നു സോണിയ മത്സരിച്ചിരുന്നത്. തുടർന്നാണ് റായ്ബറേലിയിൽ എത്തിയത്. അമ്മ മത്സരിച്ചിരുന്ന അമേതിയിൽ പിന്നീട് മത്സരിക്കാൻ എത്തിയത് രാഹുൽഗാന്ധിയാണ്. ഇക്കുറി അമേതിക്ക് പുറമേ ദക്ഷിണേന്ത്യയിലെ മറ്റൊരു മണ്ഡലത്തിൽ കൂടി രാഹുൽ മത്സരിക്കുമെന്നാണ് കേൾക്കുന്നത്. അമേതിയിൽ രാഹുലിന് എതിരാളി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ്.

കേന്ദ്ര വനിതാ - ശിഷുക്ഷേമ മന്ത്രിയാണ് മേനക ഗാന്ധി. മേനകയ്‌ക്ക് 23 വയസുള്ളപ്പോഴാണ് സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ മരണമടയുന്നത്. അന്ന് മകൻ വരുണിന് 100 ദിവസം മാത്രം പ്രായം. സഞ്ജയുടെ മരണശേഷം ഇന്ദിരാ ഗാന്ധിയുമായുണ്ടായ പ്രശ്‌നങ്ങൾ മേനകയെ ഗാന്ധിയെ ആ കുടുംബത്തിൽ നിന്നും അകറ്റി. ബി.ജെ.പിയാണ് മേനകയുടേയും വരുണിന്റേയും തട്ടകം. പിലിഭിത്ത് മണ്ഡലത്തിലാണ് മേനക മത്സരിച്ചിരുന്നത്. മകൻ വരുൺ ഗാന്ധി സുൽത്താൻപൂരിലും. ഇക്കുറി അമ്മയും മകനും മണ്ഡലങ്ങൾ വച്ചുമാറുകയാണ്. മേനക സുൽത്താൻപൂരിലും വരുൺ പിലിഭിത്തിലും മത്സരിക്കും. കഴിഞ്ഞ ദിവസമാണ് ഇരുവരുടേയും സ്ഥാനാർത്ഥിത്വം ബി.ജെ.പി പ്രഖ്യാപിച്ചത്.