തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണ രംഗത്ത് സുതാര്യത ഉറപ്പാക്കാൻ കഴിഞ്ഞെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. റേഷൻ സാധനങ്ങൾ അർഹതപ്പെട്ടവരുടെ കൈയിൽ തന്നെ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ (എ.കെ.ആർ.ആർ.ഡി.എ)​ 37ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ മാസവും 15ാം തീയതിക്കകം സാധനങ്ങൾ കടകളിൽ എത്തിക്കാൻ നടപടിയെടുക്കും.

റേഷൻ വ്യാപാരികൾക്കൊപ്പം യു.ഡി.എഫും കോൺഗ്രസും എന്നുമുണ്ടാകുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിലെ മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് കേരളത്തിന് അരിവിഹിതം ഉറപ്പാക്കാനായിരുന്നു. കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ റേഷൻ വ്യാപാരികളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ അദ്ധ്യക്ഷനായി.

മുതിർന്ന റേഷൻ വ്യാപാരികളെ ചെന്നിത്തല ആദരിച്ചു.എ.കെ.ആർ.ആർ.ഡി.എയുടെ വെബ്സൈറ്റ് ഭക്ഷ്യവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു. എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന ട്രഷറർ ഇ.അബൂബക്കർ ഹാജി,​ വൈസ് പ്രസിഡന്റുമാരായ സി.മോഹനൻ പിള്ള,​ ജോൺസൺ വിളവിനാൽ,​ സി.വി.മുഹമ്മദ്,​ ബി.സഹദേവൻ,​ സേവ്യർ ജെയിംസ്, സെക്രട്ടറിമാരായ സെബാസ്റ്റ്യൻ ചൂണ്ടൽ,​ നൗഷാദ് പാറക്കാടൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി സ്വാഗതവും മുട്ടത്തറ ഗോപകുമാർ നന്ദിയും പറഞ്ഞു. ​