ന്യൂഡൽഹി: യുദ്ധരംഗത്ത് കൂടുതൽ സൂക്ഷ്മതയോടെയും ശക്തമായും പ്രഹരിക്കാൻ സഹായിക്കുന്ന ചാര ഉപഗ്രഹങ്ങൾക്ക് ഒരു മറുമരുന്ന് പോലെയാണ് എ - സാറ്റ് മിസൈൽ. ചാര ഉപഗ്രഹങ്ങളുടെ തടിമിടുക്കിൽ വിശ്വസിച്ച് സാഹസത്തിന് ഒരുമ്പെടും മുമ്പ് ഏത് ശത്രുരാജ്യവും രണ്ട് വട്ടം ആലോചിക്കും, അത് വേണോയെന്ന്.
ഇന്ത്യയെ ഉപഗ്രഹവേധ മിസൈൽ നിർമ്മാണത്തിന് പ്രകോപിപ്പിച്ചത് ചൈനയാണ്. ചാര ഉപഗ്രഹങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ ഇന്ത്യ വൈദഗ്ദ്ധ്യം നേടിക്കഴിഞ്ഞ വേളയിൽ, 2007ലാണ് ചൈന ഇത്തരം ഒരു മിസൈൽ ആദ്യമായി വിജയകരമായി പരീക്ഷിച്ചത്. തികച്ചും അജ്ഞാതമായിരുന്നു അപ്പോൾ ഈ മിസൈലിന് പിന്നിലെ സാങ്കേതിക വിദ്യ. എന്നാൽ, അതിനുള്ള ശ്രമം അപ്പോഴേ ഡി.ആർ.ഡി.ഒ ആരംഭിച്ചു. 2012ൽ ഡി.ആർ.ഡി.ഒ മേധാവി വി.കെ. സാരസ്വത് ഇന്ത്യ ഉപഗ്രഹവേധ മിസൈലിന്റെ പണിപ്പുരയിലാണെന്ന് പ്രഖ്യാപിച്ചപ്പോൾ സംശയത്തോട് സംശയമായിരുന്നു ആഗോള പ്രശസ്തരായ ചില പ്രതിരോധ ശാസ്ത്രജ്ഞർക്ക് ! ആ സംശയങ്ങളെയൊക്കെ എടുത്ത് ചവറ്റുകുട്ടയിൽ ഇട്ടിരിക്കുകയാണ് ഇന്നലെ നടന്ന വിജയകരമായ പരീക്ഷണം. ചാര ഉപഗ്രഹങ്ങളെ ആധാരമാക്കി ഇന്ത്യയ്ക്കെതിരെ മെനഞ്ഞ യുദ്ധതന്ത്രങ്ങൾ ഏത് രാജ്യത്തിനാണെങ്കിലും ഇനി അഴിച്ചുപണിയേണ്ടി വരും.
പ്രവർത്തനം എങ്ങനെ?
തകർക്കേണ്ട ഉപഗ്രഹം ഏതെന്ന് ആദ്യം നിശ്ചയിക്കുന്നത് ഭൂമിയിലിരിക്കുന്ന റഡാറാണ്. ലക്ഷ്യം ഉറപ്പിച്ചു കഴിഞ്ഞാൽ മിസൈൽ പറക്കും. മൂന്ന് ഘട്ടങ്ങളായി പ്രവർത്തിക്കുന്നതാണ് മിസൈൽ. രണ്ട് റോക്കറ്റ് ബൂസ്റ്ററുകൾ കൂടി ഉൾപ്പെടുന്നത്. ഭൂമിയിലുള്ള റഡാറാണ് മിസൈലിന്റെ ഗതി നിയന്ത്രിക്കുക.
ഗുരുത്വാകർഷണം ഇല്ലാത്ത സാഹചര്യത്തിലാണ് മിസൈൽ പതിക്കുന്നത് എന്നതിനാൽ സമാന്തരമായ പാതയിലൂടെയും അല്ലെങ്കിൽ കുത്തനെ വന്ന് പതിക്കുന്ന രീതിയിൽ ലംബമായ പാതയിലൂടെയും മിസൈൽ പായിക്കാം. മിസൈലിലും റഡാർ സംവിധാനമുണ്ട്. ഉപഗ്രഹത്തെ സമീപിക്കുന്ന മുറയ്ക്ക് മിസൈലിൽ നിന്നു ലേസർ രശ്മികൾ പുറപ്പെടും. ഇത് ഉപഗ്രഹത്തിൽ തട്ടി തിരികെ വരുന്നതിൽ നിന്ന് ലക്ഷ്യം വ്യക്തമാകും. അപ്പോൾ മിസൈലിന്റെ പോർമുന ഇളകി ഉപഗ്രഹത്തിൽ ചെന്നിടിക്കും.