editorial-

വാടകവണ്ടിയിൽ എത്തിക്കുന്ന വീട്ടുസാധനങ്ങൾ ഇറക്കാൻ സമ്മതിക്കാതെ കൂലിപ്രശ്നത്തിൽ വഴക്കും വക്കാണവും നടക്കുന്നതു പോലെ സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ നാലരലക്ഷത്തോളം കുട്ടികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയ ഭീഷണി നേരിടുകയാണ്. പരീക്ഷ ഇക്കഴിഞ്ഞ ദിവസം പൂർത്തിയായി. ഏപ്രിൽ ഒന്നുമുതലാണ് 110 ക്യാമ്പുകളിലായി മൂല്യ നിർണയം നടക്കേണ്ടത്. ആദ്യഘട്ടം ക്യാമ്പ് ഏപ്രിൽ 12 ന് അവസാനിപ്പിക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം 16, 17 തീയതികളിൽ നടക്കും. അതിനകം മൂല്യ നിർണയം പൂർത്തിയാക്കാനായില്ലെങ്കിൽ വോട്ടെടുപ്പ് കഴിഞ്ഞുള്ള ഒരു ദിവസം ക്യാമ്പുകൾ പ്രവർത്തിപ്പിച്ച് മൂല്യ നിർണയം പൂർത്തിയാക്കാനാണ് തീരുമാനം. എന്നാൽ ഹൈസ്കൂൾ - ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾ ഏകീകരിക്കണമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്ളസ് ടു പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ വാല്യുവേഷൻ ക്യാമ്പുകൾ ഏപ്രിൽ രണ്ടും മൂന്നും തീയതികളിൽ ബഹിഷ്കരിക്കാൻ പോവുകയാണ്. അദ്ധ്യാപക സംഘടനകളുടെ ഈ തീരുമാനം നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ടെങ്കിലും ക്യാമ്പ് ബഹിഷ്കരണം എന്ന സമരമുറയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് അദ്ധ്യാപക സംഘടനകൾ. മാത്രമല്ല രണ്ടു ദിവസത്തെ സൂചനാ ബഹിഷ്കരണത്തിന്റെ പശ്ചാത്തലത്തിൽ നടപടി എന്തെങ്കിലുമുണ്ടായാൽ അനിശ്ചിതകാല ബഹിഷ്കരണമെന്ന ഉഗ്ര ഭീഷണിയും കൂട്ടത്തിലുണ്ട്.

രണ്ടു വർഷത്തെ കഠിനാദ്ധ്വാനത്തിനു ശേഷം എഴുതുന്ന പരീക്ഷയുടെ ഉത്തരക്കടലാസുകൾ തടഞ്ഞുവച്ച് അദ്ധ്യാപക സംഘടനകൾ സർക്കാരുമായി വിലപേശൽ നടത്തുന്നത് കുട്ടികളോടു കാണിക്കുന്ന കടുത്ത അനീതിയും നെറികേടുമാണ്. ഡയറക്ടറേറ്റുകളുടെ ഏകീകരണം സർക്കാരിന്റെ നയപരമായ തീരുമാനമാണ്. കുട്ടികൾ ഒരുവിധത്തിലും ഈ തീരുമാനത്തിന്റെ ഭാഗമല്ല, ഏകീകൃത ഡയറക്ടറേറ്റ് അസ്വീകാര്യമെന്നു തോന്നിയാൽ ചർച്ചകളിലൂടെ പരിഹാരം തേടുകയാണ് വേണ്ടത്. ഭരണപക്ഷ യൂണിയനുകൾക്ക് ഈ ആശയത്തോട് എതിർപ്പില്ലെന്ന വസ്തുതയും കാണാതിരുന്നുകൂടാ. തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരു തീരുമാനത്തിന്റെ പേരിൽ മൂല്യ നിർണയ ക്യാമ്പുകൾ ബഹിഷ്കരിക്കാനും അലങ്കോലമാക്കാനുമുള്ള നീക്കം അംഗീകരിക്കാൻ സമൂഹത്തിനു സാധിക്കില്ല. രണ്ടുവർഷം തങ്ങൾ പഠിപ്പിച്ച് പരീക്ഷ എഴുതിച്ച കുട്ടികളുടെ ഉത്തരക്കടലാസുകളാണ് ക്യാമ്പുകളിൽ അനാഥമാകാൻ പോകുന്നതെന്ന കാര്യം അദ്ധ്യാപക സംഘടനകൾ മറന്നുകൂടാത്തതാണ്. മൂല്യ നിർണയ ജോലി ബഹിഷ്കരിച്ചാൽ ഫലപ്രഖ്യാപനം വൈകുമെന്നും അതുവഴി സർക്കാരിൽ സമ്മർദ്ദം ചെലുത്തി തങ്ങൾക്ക് സ്വീകാര്യമല്ലാത്ത തീരുമാനം തിരുത്തിക്കാമെന്നുമാകാം സംഘടനകളുടെ കണക്കുകൂട്ടൽ. കുട്ടികളുടെ ഉപരിപഠന സാദ്ധ്യതയെ ബാധിക്കുമെന്നതിനാൽ പരീക്ഷാഫലം വൈകിക്കുന്ന സമരമുറകൾ എത്രമാത്രം അനഭിലഷണീയമാണെന്ന് അറിയാത്തവരല്ല അദ്ധ്യാപകർ. സംഘടനാബലം ബോദ്ധ്യപ്പെടുത്താനുള്ള അവസരമായി പരീക്ഷാ മൂല്യനിർണയ കർമ്മത്തെ കാണുന്നതും മഹാപാപമാണ്. വിവേകമതികളായിരിക്കേണ്ട അദ്ധ്യാപകർ ബഹിഷ്കരണ തീരുമാനത്തിൽ ഒരു പുനർചിന്തനം നടത്തുന്നത് നന്നായിരിക്കും. ആവശ്യം നേടിയെടുക്കാൻ വ്യവസ്ഥാപിതവും വിവേകപൂർവവുമായ എത്രയോ വഴികൾ വേറെ കിടക്കുന്നു. കുട്ടികളുടെ പരീക്ഷാക്കടലാസ് ചവിട്ടിപ്പിടിച്ചുകൊണ്ടാകരുത് ഏകീകൃത ഡയറക്ടറേറ്റ് രൂപീകരണത്തിനെതിരെ സമരം ചെയ്യാൻ.

ഹയർ സെക്കൻഡറി മൂല്യ നിർണയം ഒരുവിഭാഗം അദ്ധ്യാപകരുടെ ബഹിഷ്കരണ ഭീഷണിയിൽപ്പെട്ട് ഉഴലുമ്പോൾ കേരള യൂണിവേഴ്സിറ്റി കുട്ടികളിൽ ചിലരുടെ ഉത്തരക്കടലാസുകൾ അറിഞ്ഞുകൊണ്ടോ അലക്ഷ്യമായോ നഷ്ടപ്പെടുത്തിയാണ് വാർത്തയിൽ ഇടം പിടിച്ചിരിക്കുന്നത്. തങ്ങൾക്ക് വേണ്ടപ്പെട്ടവരിൽ ചിലരെ സഹായിക്കാൻ വേണ്ടിയാണ് ഈ നാടകമൊക്കെ നടക്കുന്നതെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു. പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും നടക്കാറുള്ള ക്രമക്കേടുകളുടെ പേരിൽ പലപ്പോഴും കുപ്രസിദ്ധി നേടിയിട്ടുള്ള കേരള സർവകലാശാല ഇപ്പോൾ വിവിധ വിഷയങ്ങളിൽ പരീക്ഷ എഴുതിയ നാല്പത്തഞ്ചു കുട്ടികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടതായി അറിയിച്ചിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് സർവകലാശാലയിലേക്ക് അയച്ച ഉത്തരക്കടലാസുകൾ എങ്ങനെ നഷ്ടപ്പെട്ടുവെന്ന് ആർക്കും അറിയില്ല. സംഭവം അന്വേഷിക്കാൻ പരീക്ഷാവിഭാഗം അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ സർവകലാശാലകളുടെ പരീക്ഷാ നടത്തിപ്പിലെ പാളിച്ചകളും ക്രമക്കേടുകളും ഇന്ന് വലിയ വാർത്തയൊന്നുമല്ലാതായിട്ടുണ്ട്. അത്രയ്ക്ക് അശ്രദ്ധയും പിടിപ്പുകേടും നടമാടുന്ന രംഗമാണിത്. കുറച്ചു ദിവസം മുൻപാണ് കേരള എം.ജി. സർവകലാശാലകളുടെ ഏതാനും ഉത്തര പേപ്പറുകൾ പാതവക്കിൽ നിന്ന് വഴിപോക്കൻ കണ്ടെടുത്തത്. ഉത്തര പേപ്പറുകൾ കാണാതായ കുട്ടികൾക്കുവേണ്ടി പ്രത്യേക പരീക്ഷ നടത്തി പരിഹാരം കാണാനാണ് ശ്രമം,. പരീക്ഷകളുടെ വിശ്വാസ്യതയ്ക്കു കോട്ടം വരുത്തുന്ന ഇതുപോലുള്ള നടപടികൾ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും സ്ഥിരം ഏർപ്പാടായിട്ടുണ്ട്. സെമസ്റ്ററിന്റെ ദൈർഘ്യം കുറച്ച് ഡിഗ്രി പരീക്ഷ നടത്താനുള്ള കേരള സർവകലാശാലയുടെ മറ്റൊരു നീക്കം ഇതിനിടെ വലിയ ആക്ഷേപം ഉയർത്തിക്കഴിഞ്ഞു. കുത്തഴിഞ്ഞു കിടക്കുന്ന സർവകലാശാലാ ഭരണത്തിന്റെ ഇരകൾ എപ്പോഴും വിദ്യാർത്ഥികളാണ്.