തിരുവനന്തപുരം : കൊടും വേനലിൽ വരൾച്ചയിലേക്ക് വഴുതുന്ന കേരളത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് ജല അതോറിട്ടിക്ക് 30 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തേ അനുവദിച്ച 30 കോടി വരൾച്ചാദുരിതാശ്വാസത്തിലേക്ക് വകയിരുത്തിയ സാഹചര്യത്തിലാണ് വീണ്ടും പണം അനുവദിക്കുന്നത്. ജില്ലകളിലെ വരൾച്ചയെക്കുറിച്ച് വീഡിയോ കോൺഫറൻസിംഗിലൂടെ കളക്ടർമാരോട് വിലയിരുത്തിയ ശേഷം ചീഫ്സെക്രട്ടറി എല്ലാദിവസവും മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇടപെടാൻ പരിമിതികളുള്ളതിനാലാണിത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല.
പൈപ്പ്ലൈനുകൾ മാറ്റിസ്ഥാപിക്കൽ, ശുദ്ധജല ടാങ്കുകൾ സ്ഥാപിക്കൽ, ടാങ്കുകളിലെ ചോർച്ച തടയാനാവശ്യമായ അറ്റകുറ്റപ്പണി, മറ്റ് അടിയന്തര അറ്റകുറ്റപ്പണി എന്നിവയ്‌ക്കാണ് ജല അതോറിട്ടിക്ക് പണം അനുവദിച്ചത്. ജലക്ഷാമമുള്ള മേഖലകളിൽ തദ്ദേശഭരണസ്ഥാപനങ്ങൾ തനത്ഫണ്ടുപയോഗിച്ച് കുടിവെള്ളം വിതരണം ചെയ്യണം. ടെൻഡർ ക്ഷണിച്ച് ജി.പി.എസ് ഘടിപ്പിച്ച ടാങ്കർ ലോറികളിലാവണം വിതരണം. പ്രാദേശികതലത്തിൽ ഉദ്യോഗസ്ഥന് ചുമതലയുണ്ടായിരിക്കണം. കുടിവെള്ളം എല്ലായിടത്തുമെത്തുന്നുണ്ടെന്ന് കളക്ടർമാർ ഉറപ്പാക്കണം.
സൂര്യാഘാതം: ആരോഗ്യവകുപ്പിനും നിർദ്ദേശം
സൂര്യാഘാതവും ഉഷ്ണതരംഗവും സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചതിനാൽ സൂര്യാഘാതം മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാനാവും. ഇതിൽ ചട്ടലംഘനം ബാധകമാവില്ല. സൂര്യാഘാതം കാരണമാണ് മരിച്ചതെന്ന് ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ആരോഗ്യവകുപ്പിന് മന്ത്രിസഭായോഗം നിർദ്ദേശം നൽകി.
പൊള്ളലേൽക്കുന്നവർക്ക് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങൾ താലൂക്ക് ആശുപത്രിതലം മുതൽ ഒരുക്കണം. ഐ.എം.എയുടെ സഹകരണത്തോടെ സ്വകാര്യാശുപത്രികളിലും ചികിത്സാ സംവിധാനമൊരുക്കും. ജോലിസമയം പുനഃക്രമീകരിച്ചിട്ടുള്ളത് കർശനമാക്കാൻ തൊഴിൽവകുപ്പിനോടും നിർദ്ദേശിച്ചു.