തിരുവനന്തപുരം: ഭർത്താവിന്റെ കുത്തേറ്റ് മരിച്ച രജനിക്ക് നാട് കണ്ണീരോടെ വിട നൽകി. രജനികൃഷ്ണയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. മദ്യലഹരിയിലെത്തിയ ഭർത്താവ് ശ്രീകുമാറിന്റെ കുത്തേറ്റ് കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് രജനി മരിച്ചത്. തുടർന്ന് മൃതദേഹം രാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ ചീഫ് പൊലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെയാണ് മൃതദേഹം മേലത്തുമേലിലെ വീട്ടിലെത്തിച്ചത്. വീട് പൊലീസ് സീൽ ചെയ്‌തിരിക്കുന്നതിനാൽ വീടിനോട് ചേർന്നുള്ള കാർ പോർച്ചിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. മൂന്നോടെ രജനിയുടെ സഹോദരൻ രഞ്ജിത്തിന്റെ വാഴോട്ടുകോണത്തെ വീട്ടിലും പൊതുദർശനത്തിന് വച്ചു. അമ്മയുടെ മൃതദേഹം കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന കുഞ്ഞുങ്ങൾ എല്ലാവരെയും കണ്ണീരിലാഴ്‌ത്തി. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപേർ മേലത്തുമേലിലും വാഴോട്ടുകോണത്തും എത്തിയിരുന്നു. മൂന്നരയോടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. രജനിയെ കുത്തുന്നത് തടയുന്നതിനിടെ പരിക്കേറ്റ അച്ഛൻ കൃഷ്ണൻ നായർ (72), അമ്മ രമാദേവി (68) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെഞ്ചിന് താഴെയും പിൻവശത്തും ഗുരുതരമായി കുത്തേറ്റ കൃഷ്ണൻ നായരുടെ നില ഗുരുതരമാണ്. കൃഷ്ണൻനായരെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഹൃദ്രോഗിയാണ് കൃഷ്ണൻനായർ. തോളിലും മുഖത്തും പരിക്കേറ്റ രമാദേവി അപകടനില തരണം ചെയ്‌തു.

മനഃപൂർവം ചെയ്‌തതെന്ന് ശ്രീകുമാറിന്റെ മൊഴി

രജനിയെയും മാതാപിതാക്കളെയും കുത്തിപ്പരിക്കേല്പിച്ചത് മനഃപൂർവമെന്ന് ശ്രീകുമാറിന്റെ പ്രാഥമിക മൊഴി. ഏറെ നാളായി ഇരുവരും പിണങ്ങിക്കഴിയുകയാണ്. വിവാഹമോചനക്കേസ് അവസാനഘട്ടത്തിലാണ്. ഇതിനിടെ കഴിഞ്ഞദിവസം രജനി പലവട്ടം ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിന്റെ പ്രതികാരമായിട്ടാണ് ആക്രമണവും തുടർന്ന് കൊലപാതകവും നടത്തിയതെന്ന് ശ്രീകുമാർ മൊഴി നൽകിയെന്ന് വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു. ഗൾഫിൽ കോൺട്രാക്ടറായിരുന്ന ശ്രീകുമാറിനെ അമിത മദ്യപാനത്തിൽ ആരോഗ്യം നശിച്ച അവസ്ഥയിൽ അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തിച്ചത്. ഇതിനുശേഷം വട്ടിയൂർക്കാവിലെ ഡീ - അഡിക്ഷൻ സെന്ററിൽ രജനി നേരിട്ട് ചികിത്സിച്ചെങ്കിലും തന്നെ രജനിയും കുടുംബവും ചേർന്ന് ഭ്രാന്തനാക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് ഇയാൾ ആശുപത്രി വിട്ടത്. ശേഷം മേലത്തുമേലിലെ രജനിയുടെ വീട്ടിലെത്തി വഴക്കിടുന്നത് പതിവായിരുന്നു. ഇന്നലെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ റിമാൻഡ് ചെയ്‌തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെ അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.