ramesh-chennithala-2

തിരുവനന്തപുരം: ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കാൻ ഇടതു സർക്കാർ വ്യാപകമായി ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിത്. സർക്കാർ വകുപ്പായ പി.ആർ.ഡിയെ ഉപയോഗിച്ച് സർക്കാരിന്റെ ഭരണനേട്ടങ്ങൾ എന്ന പേരിൽ വ്യാപകമായി ലഘുലേഖകൾ വിതരണം ചെയ്യുകയാണ്. ഭരണമുന്നണിയുടെ സ്ഥാനാർത്ഥികൾ തന്നെയാണിത് വിതരണം ചെയ്യുന്നത്. മന്ത്രിമാർ വ്യാപകമായ തോതിൽ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ സർക്കാരിൻെ പദ്ധതികളെക്കുറിച്ചും അത് മൂലമുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തുന്നു. ധനകാര്യമന്ത്രി തോമസ് ഐസക് തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ വിവിധ നിയോജകമണ്ഡലങ്ങളിൽ കിഫ്ബിയുടെ ഫണ്ടുപയോഗിച്ച് നടത്തുന്ന പദ്ധതികളെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ നടത്തിയത് ഇതിന് ഉത്തമോദാഹരണമാണ്. ഈ ചട്ടലംഘനങ്ങൾ തടയാൻ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.