ഞെട്ടിയത് പാകിസ്ഥാനല്ല, ചൈനയാണ്. ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചത് ചൈനയ്ക്ക് നൽകിയത് വലിയ മാനസിക പ്രഹരമാണ്. ഈ ശേഷി കൈവരിക്കാനുള്ള യത്നത്തിന് ഇന്ത്യയ്ക്ക് പ്രേരണയായതാകട്ടെ ചൈനയും.
ചൈന ഉപഗ്രഹവേധ മിസൈൽ 2007ൽ വിജയകരമായി വിക്ഷേപിച്ചു. അതേവർഷം തന്നെ ഇന്ത്യയും മിസൈൽ നിർമ്മാണത്തിന്റെ പ്രാരംഭ ജോലികൾ തുടങ്ങിവച്ചു. അന്ന് ഇന്ത്യൻ കരസേനാ മേധാവി ആയിരുന്ന ദീപക് കപൂർ 'അന്തിമ സൈനിക ഏറ്റുമുട്ടൽ ബഹിരാകാശത്താവും നടക്കുക' എന്ന് പ്രസ്താവിച്ചിരുന്നു. ചൈനയുടെ നേട്ടം മനസിൽ വച്ചായിരുന്നു ഈ പരാമർശം. ഭാവിയിൽ ബഹിരാകാശത്തെ നമ്മുടെ ഉപഗ്രഹങ്ങളെ സംരക്ഷിക്കുന്ന ചുമതല സൈന്യത്തിനായിരിക്കും എന്ന് ലെഫ്. ജനറൽ എച്ച്.എസ്. ലിഡറും എടുത്തു പറഞ്ഞിരുന്നു.
ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടേണ്ട സാഹചര്യം ഉണ്ടായാൽ എ - സാറ്റ് മിസൈൽ വഹിക്കുക നിർണായക റോളായിരിക്കും. ഇരു രാജ്യങ്ങളുടെയും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ നശിപ്പിക്കുന്നത് ഈ മിസൈലായിരിക്കും. ബഹിരാകാശത്തെ യുദ്ധക്കളമാക്കുന്നു എന്ന വിമർശനത്തിന് ഇന്ത്യയും വിധേയമാകും. ഈ ശേഷി കൈവരിക്കാനാവാത്ത മറ്റ് ചില രാജ്യങ്ങളാവും വിമർശിക്കുക. ആണവ ആയുധങ്ങൾ ഉപയോഗിക്കുന്നതിനും പരീക്ഷിക്കുന്നതിനും മാത്രമേ ബഹിരാകാശത്ത് വിലക്ക് നിലവിലുള്ളൂ. മറ്റ് ആയുധങ്ങൾ പരീക്ഷിക്കുന്നതിന് വിലക്കില്ല. ചൈന അത് 2007ൽ ലംഘിച്ചു. ചൈനയുടെ പരീക്ഷണത്തിൽ നശിച്ച ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ ബഹിരാകാശത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇതാണ് വിമർശനത്തിന് വഴി വച്ചത്. ചൈനയുടെ തകർന്ന ഉപഗ്രഹത്തിന്റെ ചില കഷണങ്ങൾ റഷ്യൻ ഉപഗ്രഹത്തിൽ വന്നിടിച്ച് നാശനഷ്ടമുണ്ടാക്കി. റഷ്യ ഇതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. മിസൈൽ ഉപയോഗിച്ച് ഒരു സാധാരണ ഉപഗ്രഹം തകർത്താൽ 7.5 സെന്റിമീറ്ററിൽ കൂടുതൽ വലിപ്പമുള്ള 950 കഷണങ്ങൾ ഒരു ദശാബ്ദത്തിലേറെ ഭൂമിയെ ചുറ്റാം. ഇത് മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾക്ക് ഭീഷണിയാണ്. ചില യൂറോപ്യൻ രാജ്യങ്ങൾക്കും ജപ്പാനും എ - സാറ്റ് ആയുധം വിക്ഷേപിക്കാനുള്ള ശേഷി ഉണ്ടെങ്കിലും അവർ അതിൽ നിന്ന് പിന്തിരിഞ്ഞിരിക്കുന്നത് 'ബഹിരാകാശ മാലിന്യം' ഒഴിവാക്കുക എന്ന ചിന്തയ്ക്ക് പ്രാധാന്യം നൽകുന്നതിനാലാണ്. അമേരിക്ക, റഷ്യ, ചൈന എന്നിവർ ഉൾപ്പെടുന്ന എ - സാറ്റ് ക്ളബിൽ ഇന്ത്യ കൂടി ഉൾപ്പെട്ടതോടെ ഇനി ഇത് നിരോധിക്കണം എന്ന ആവശ്യം ഉയർന്നാൽ ചർച്ചയ്ക്ക് ഇന്ത്യയെക്കൂടി വിളിക്കേണ്ടിവരും.