rly

വർക്കല: ദിനം പ്രതി മൂവായിരത്തോളം യാത്രക്കാർ വന്നുപോകുന്ന വർക്കല - ശിവഗിരി റെയിൽവേസ്റ്റേഷന്റെ ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളിലെ മേൽക്കൂര നീട്ടുന്ന പ്രവൃത്തികൾ അനിശ്ചിതത്വത്തിലായിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി. ഇതിനായുള്ള പദ്ധതികൾ കടലാസിൽ തന്നെയാണെന്നാണ് ആക്ഷേപം. നിലവിൽ യാത്രക്കാർ പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട ഗതികേടിലാണ്. ഓൺലൈൻ ടിക്കറ്ര് സംവിധാനം വന്നിട്ടും മാസം ഒരു കോടിയിലേറെ രൂപ വരുമാനമുളള സ്റ്റേഷനാണ് വർക്കല. റെയിൽവെ ബഡ്ജറ്റുകളിൽ റൂഫിംഗിനായി കോടികൾ വകയിരുത്തുന്നുണ്ടെങ്കിലും അത് വിനിയോഗിക്കുന്നതിനുളള ഒരു നടപടിയും റെയിൽവേയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. റെയിൽവേ സ്റ്റേഷന്റെ രണ്ട് പ്ലാറ്റ്ഫോമുകളിൽ തെക്കും വടക്കും ഭാഗത്താണ് റൂഫിംഗ് നടത്തേണ്ടത്. സ്റ്റേഷനിൽ ക്ലോക്ക്റൂമിന്റെയും ഡോർമെറ്ററി ഉൾപ്പെടെയുളള ലോഡ്ജിംഗ് സംവിധാനത്തിന്റെയും പ്രവർത്തനം ഇനിയും തുടങ്ങിയിട്ടില്ല. വിനോദ സഞ്ചാരികൾ ഉൾപ്പെടെ വർക്കലയിലെത്തുന്ന യാത്രക്കാരുടെ വർഷങ്ങളായുളള ആവശ്യമാണ് ഇനിയും യാഥാർത്ഥ്യമാകാത്തത്.

വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷനോട് റെയിൽവേ മന്ത്റാലയം തുടരുന്ന അനാസ്ഥയുടെ ഉദാഹരണങ്ങളാണിതെന്നാണ് യാത്രക്കാരുടെ ആരോപണം.