തിരുവനന്തപുരം: മദ്യത്തിനടിമയായി ജീവിതം നശിപ്പിച്ച മലയിൻകീഴ് മേപ്പുക്കട പഴയ റോഡ് ശ്രീസദനത്തിൽ ശ്രീകുമാറിനെ (45) ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ച ഭാര്യ വട്ടിയൂർക്കാവ് മേലത്തുമേലെ ടിസി 10/ 1308(1)ൽ കൃഷ്ണ ഭവനിൽ രജനി കൃഷ്ണയ്ക്ക് (ശാരിക - 40) വില നൽകേണ്ടി വന്നത് സ്വന്തം ജീവൻ. കഴിഞ്ഞദിവസം കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിന്റെ കുത്തേറ്റ് മരിച്ച രജനിയുടെ ദാമ്പത്യ ജീവിതം ദുരിത പൂർണമായിരുന്നു. പി.എസ്.സിയിൽ നിന്ന് വിരമിച്ച കൃഷ്ണൻ നായർ- രമാദേവി ദമ്പതികളുടെ ഇളയമകളായിരുന്നു രജനി.
അച്ഛനമ്മമാർ ഓഹരിയായി തന്ന സ്ഥലത്തായിരുന്നു രജനിയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ താമസം. ഭർത്താവിന്റെ മദ്യപാനവും നിരന്തരമുള്ള ഉപദ്രവവും കുടുംബ കലഹവുമാണ് ഇവരുടെ ജീവിതം തകർത്തത്. നാട്ടിൽ ജോലിയില്ലാതെ നടന്ന ശ്രീകുമാർ കുറേ വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ പോയിരുന്നു. അവിടെ ഡിഷ് ആന്റിന വിൽപ്പന സ്ഥാപനത്തിലെ ജീവനക്കാരനായ ശ്രീകുമാർ ആദ്യ ഏതാനും മാസം വീട്ടുകാരുമായി കത്തിലൂടെയും ഫോണിലൂടെയും ബന്ധപ്പെടുകയും ഭാര്യയ്ക്കും മക്കൾക്കും ചെലവിന് പണം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യാതൊരു ബന്ധവുമില്ലാതെയായി. അതോടെ രജനി, ശ്രീകുമാറിനെ ഗൾഫിൽ കൊണ്ടുപോയ ആളെ ഫോണിൽ ബന്ധപ്പെട്ട് ഭർത്താവിനെപ്പറ്റി യാതൊരു വിവരവുമില്ലെന്ന് അറിയിച്ചു. ഇതനുസരിച്ച് ശ്രീകുമാറിന്റെ റൂമിൽ അന്വേഷിച്ചെത്തിയ ആൾ മദ്യപിച്ച് ബോധമില്ലാതെ മലമൂത്ര വിസർജ്യങ്ങൾക്കിടയിൽ കഴിയുന്ന ശ്രീകുമാറിനെയാണ് കണ്ടത്.
ഈ വിവരം അറിഞ്ഞ രജനി ഭർത്താവിനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് അവരോട് അഭ്യർത്ഥിച്ചു. നാട്ടിലെത്തിയ ഭർത്താവിനെ വെള്ളനാട്ടുള്ള ലഹരി വിമുക്ത കേന്ദ്രത്തിലാക്കി ചികിത്സ നൽകി. രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും വിസയുടെ കാലാവധി തീരാറായെന്നും വിസ പുതുക്കാനായി ഉടൻ ഗൾഫിലേക്ക് മടങ്ങണമെന്നും ശ്രീകുമാർ പറഞ്ഞു.
ചികിത്സ പാതിവഴിയിൽ അവസാനിപ്പിച്ച് ശ്രീകുമാർ വീണ്ടും ഗൾഫിലേക്ക് മടങ്ങി. ഗൾഫിൽ തിരിച്ചെത്തിയശേഷം ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയി തന്നെ മനോരോഗിയാക്കിയെന്നാരോപിച്ച് രജനിയുമായി നിരന്തരം വഴക്കായി. ഫോണിലൂടെ തെറിവിളിയും ബഹളും പതിവായതോടെ ശ്രീകുമാറിന്റെ ഫോൺ രജനി അറ്റന്റ് ചെയ്യാതായി. ആറുമാസം മുമ്പ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ശ്രീകുമാർ രജനിയുമായി അന്ന് മുതൽ നിരന്തരം വഴക്കായിരുന്നു. മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കുന്നത് വിലക്കിയതിന്റെ വിരോധത്താൽ പ്ളസ് വൺ വിദ്യാർത്ഥിയായ മൂത്തമകനെ കുത്താൻ ശ്രമിച്ചതിന് ശ്രീകുമാറിനെ ഏതാനും മാസം മുമ്പ് വട്ടിയൂർക്കാവ് പൊലീസ് പിടികൂടിയിരുന്നു.
മേലത്തുമേലെ വീട്ടിൽ തനിക്ക് കൂടി അവകാശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഏറ്റവുമൊടുവിൽ വഴക്ക് കൂടിയത്. ഇത് സാധിക്കില്ലെന്ന് അറിയിച്ച രജനിയും വീട്ടുകാരും വിവാഹ ബന്ധം പിരിയാൻ നോട്ടീസ് അയച്ചു. ഇതിൽ പ്രകോപിതനായ ശ്രീകുമാർ പലതവണ രജനിയെ ഫോണിൽ വിളിച്ച് തെറി പറഞ്ഞു. ശല്യം സഹിക്കവയ്യാതെ രജനി ഫോൺ എടുക്കാതായി. ഇതിൽ പ്രകോപിതനായാണ് കഴിഞ്ഞ ദിവസം വൈകുന്നേരം രജനിയേയും മാതാപിതാക്കളെയും കുത്തിവീഴ്ത്തിയത്.
സംഭവ സമയത്ത് പ്ളസ് വൺ വിദ്യാർത്ഥിയായ മകൻ മിഥുൻ വീട്ടിലുണ്ടായിരുന്നില്ല. എട്ടാം ക്ളാസ് വിദ്യാർത്ഥിയായ മകൾ മിഥുല വീട്ടിലുണ്ടായിരുന്നെങ്കിലും മുറിക്കുള്ളിൽ കയറി കതകടച്ചാണ് രക്ഷപ്പെട്ടത്. പോസ്റ്റുമോർട്ടത്തിനുശേഷം രജനിയുടെ മൃതദേഹം തൈക്കാട് ശ്മശാനത്തിൽ സംസ്കരിച്ചു.