1. ഏത് ഉപഗ്രഹമാണ് തകർത്തത്?
ഒരു ഇന്ത്യൻ ഉപഗ്രഹമാണ് തകർത്തത്. അടുത്തിടെ ഒരു മൈക്രോസാറ്റ് ഇന്ത്യ അയച്ചത് പ്രതിരോധ ആവശ്യങ്ങൾക്കാണെന്നാണ് പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒ വ്യക്തമാക്കിയിരുന്നത്. കൃത്രിമ ഉപഗ്രഹത്തിന്റെ ചെറു പതിപ്പാണിത്. ഇതാണ് തകർത്തത്.
2. എവിടെ നിന്ന് വിക്ഷേപിച്ചു?
ഒഡിഷയിലെ ഡോ. എ.പി.ജെ. അബ്ദുൽ കലാം വിക്ഷേപണ ദ്വീപിൽ നിന്ന്. 2019 മാർച്ച് 27 ന് മിഷൻ ശക്തി എന്ന പേരിലായിരുന്നു പരീക്ഷണം.
3. ഏത് മിസൈലാണ് ഉപയോഗിച്ചത്?
സി.ആർ.ഡി.ഒയുടെ ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് ഇന്റർസെപ്‌റ്ററാണ് ഉപയോഗിച്ചത്.
4. എന്തുകൊണ്ട് 'കൈനറ്റിക് കിൽ' സാങ്കേതിക വിദ്യ ?
ഇത് ഇന്ത്യ വികസിപ്പിച്ച സാങ്കേതിക വിദ്യയാണ്. ബഹിരാകാശ സാങ്കേതിക വിദ്യകൾ അനുദിനം മാറിക്കൊണ്ടിരിക്കുന്നതാണ്. ഇന്ത്യ വികസിപ്പിച്ചതായതിനാൽ അതിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദേശ സഹായം ആവശ്യമില്ല.
5. ബഹിരാകാശത്ത് 'മാലിന്യം' സൃഷ്ടിക്കുമോ?
താഴ്ന്ന വായുമണ്ഡലത്തിലാണ് പരീക്ഷണം നടത്തിയത്. അതിനാൽ ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ നശിക്കും. ഏതാനും അവശിഷ്ടങ്ങൾ ബാക്കി വന്നാലും അത് ആഴ്ചകൾക്കുള്ളിൽ ഭൂമിയിൽ പതിക്കും.
6. എന്തുകൊണ്ട് ഇപ്പോൾ പരീക്ഷണം നടത്തി?
വിജയിക്കുമെന്ന് പൂർണമായും ഉറപ്പാക്കിയതിന് ശേഷമേ ഇത്തരം പരീക്ഷണങ്ങൾ നടത്തൂ. വിജയിക്കുമെന്ന ആത്മവിശ്വാസം ഉറപ്പായത് ഇപ്പോഴാണെന്നാണ് ഗവൺമെന്റ് വൃത്തങ്ങൾ പറയുന്നത്.
7. പരീക്ഷണം ഏതെങ്കിലും രാജ്യങ്ങൾക്ക് എതിരായിട്ടാണോ?
ഇന്ത്യയുടെ പരീക്ഷണം ഒരു രാജ്യത്തിനും എതിരായിട്ടല്ല. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങൾ ഇതുവരെ ഒരു രാജ്യത്തിനും എതിരായി ഉപയോഗിച്ചിട്ടില്ല.
8. ആയുധങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ബഹിരാകാശ നിയമം എന്താണ്?
ഇതു സംബന്ധിച്ച പ്രധാന ഉടമ്പടി നിലവിൽ വന്നത് 1967ലാണ്. ഇന്ത്യയും ഒപ്പുവച്ചിരുന്നു. 1982 ൽ അത് പരിഷ്കരിച്ചു. ഇതുപ്രകാരം കൂട്ടത്തോടെ ജനങ്ങളെ നശിപ്പിക്കുന്ന ആയുധങ്ങൾ പ്രത്യേകിച്ചും ആണവ ആയുധങ്ങൾ ബഹിരാകാശത്ത് വിന്യസിക്കാൻ പാടില്ല. സാധാരണ ആയുധങ്ങൾ വിന്യസിക്കുന്നതിന് വിലക്കില്ല. അതിനാൽ ഇന്ത്യ നിയമം ലംഘിച്ചിട്ടില്ല.