തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന്റെ ദുരിതം ഒട്ടും കുറയാത്ത ഇന്നലെ ഒരാൾ മരണമടയുകയും 102 പേർക്ക് ശാരീരിക വിഷമതകളുണ്ടാവുകയും ചെയ്‌തു. പത്ത് പേർക്ക് സൂര്യാഘാതമേറ്റു. വിവിധ ജില്ലകളിലായി 46 പേർക്ക് സൂര്യതാപമേറ്റു. 56 പേർക്ക് ശരീരത്തിൽ ചൂടേറ്റ പാടുകളുമുണ്ടായി.
ചെങ്ങന്നൂരിൽ കർഷകനായ കെ.കെ. ഹരിദാസിനെ (68) കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യാഘാതമേറ്റാണ് മരണമെന്ന് സംശയം. ഭാര്യ: സുരജ, മകൻ: ഗോകുൽ.
പാലക്കാട്ട് മൂന്നാം ദിവസവും ചൂടിന് കുറവില്ല. ഇന്നലെ ഉയർന്ന താപനില 41 ഡിഗ്രിയായിരുന്നു. ജില്ലയിൽ ഇന്നലെ മാത്രം പത്തുപേർക്ക് സൂര്യതാപമേറ്റു. പട്ടാമ്പി സ്വദേശി സിദ്ധിക്ക് (55), തൃത്താല അഫിയ (ഏഴ്), ഷൊർണൂരിലെ സുരേഷ് ബാബു (42), കൃപ (25), കുമരംപുത്തൂരിലെ ജസ്റ്റിൻ (35), ഓങ്ങല്ലൂരിലെ മുഹമ്മദ് നൗഫൽ (29), പുതുനഗരം നിയാസ് (30), മുതുതല ഗോപാലൻ (58), വടവന്നൂർ മണി (40), തൃത്താല അബ്ദുൽ മനാഫ് എന്നിവർക്കാണ് പൊള്ളലേറ്റത്.
കോഴിക്കോട് ജില്ലയിൽ ഏഴ് പേർ കൂടി സൂര്യതാപമേറ്റ് ചികിത്സ തേടി പാലായിൽ തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്ത് മടങ്ങിയ കോട്ടയം ഡി.സി.സി വൈസ് പ്രസിഡന്റ് എ.കെ. ചന്ദ്രമോഹന് സൂര്യാഘാതമേറ്റു.ചെങ്ങന്നൂരിൽ ബസിറങ്ങി വീട്ടിലേക്ക് പോകുംവഴി വിദ്യാർത്ഥിക്ക് സൂര്യാഘാതമേറ്റു. കോടുകുളഞ്ഞി റിജോ വില്ലയിൽ ജറിൻ ടി. വർഗീസിനാണ് (19) സൂര്യാഘാതമേറ്റത്.
കൊല്ലം ജില്ലയിൽ അദ്ധ്യാപിക അടക്കം എട്ടു പേർക്ക് സൂര്യാഘാതമേറ്റു. പുനലൂരിൽ ഫാത്തിമ സെൻട്രൽ സ്കൂളിലെ അദ്ധ്യാപിക ജിൽഡാ അലക്സ് (48), പിറവന്തൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി റസിയ (17), പുനലൂരിൽ ദീപ (35), കുഞ്ഞുമോൻ (56) എന്നിവർക്കാണ് സൂര്യാഘാതമേറ്റത്.
കരുനാഗപ്പള്ളി പുതിയകാവിൽ ലോറിയിൽ നിന്നു സാധനങ്ങൾ ഇറക്കുമ്പോൾ അതുൽ വി. കുമാറിന് (23) സൂര്യാഘാതമേറ്റു. പത്തനംതിട്ട ജില്ലയിൽ ഇന്നലെ ഒൻപത് പേർക്ക് സൂര്യാഘാതമേറ്റു. ജില്ലയിൽ 32 ഡിഗ്രി മുതൽ 40 ഡിഗ്രി വരെ ചൂട് കൂടാമെന്ന് മുന്നറിയിപ്പുണ്ട് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അഞ്ചുവയസുകാരിക്കും ആശുപത്രി ജീവനക്കാരിക്കും സൂര്യാഘാതത്തിൽ പൊള്ളലേറ്റു. കള്ളിക്കാട് ഇടവാൽ വാസന്തി ഭവനിൽ ബിനുവിന്റെ മകൾ ആദിത്യ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുഖത്ത് പൊള്ളലേറ്റത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രി ജീവനക്കാരി ആതിര പെരുമ്പഴുതൂരിൽ ബസ് കാത്ത് നിൽക്കുമ്പോൾ പൊള്ളലേൽക്കുകയായിരുന്നു.തിരുവനന്തപുരം, പുനലൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില.
സൂക്ഷിക്കുക
നിർജ്ജലീകരണം തടയാൻ പകൽ ധാരാളം ശുദ്ധജലം, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ കുടിക്കണം. പുറത്തു പോകുന്നവർ വെയിൽ കൊള്ളാതിരിക്കാൻ കുട, തൊപ്പി എന്നിവ ഉപയോഗിക്കണം. അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കണം. തിളപ്പിച്ചാറിയ വെള്ളം എപ്പോഴും കൈയിൽ കരുതണം. മഞ്ഞപ്പിത്ത കേസുകളും മറ്റും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ വഴിയോരങ്ങളിൽ വിൽക്കുന്ന സോഡ, കുലുക്കി സർബത്ത്, ശീതളപാനീയങ്ങൾ എന്നിവ കുടിക്കരുത്. തുറന്നു വച്ച പഴങ്ങളും ആഹാരസാധനങ്ങളും കഴിക്കരുത്.
എല്ലാ ജില്ലകളിലും കുടിവെള്ളമെത്തിക്കാൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പ് നൽകിയിട്ടുള്ള മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജയും വ്യക്തമാക്കി.