drone-in-thiruvananthapur

തിരുവനന്തപുരം: തലസ്ഥാനത്ത് ഡ്രോൺ കാണപ്പെട്ടതിന്റെ ദൃശ്യങ്ങൾ വിശദപരിശോധനയ്ക്കായി കേന്ദ്ര ഏജൻസികൾക്ക് കൈമാറി. ഡ്രോൺ (റിമോട്ട് നിയന്ത്റിത ചെറുവിമാനം) പറത്തിയതാരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഐ.എസ്.ആർ.ഒ, റാ, ഡി.ആർ.ഡി.ഒ, മിലിട്ടറി ഇന്റലിജൻസ്, വ്യോമസേന എന്നിവയ്ക്കാണ് ദൃശ്യങ്ങൾ നൽകിയത്. ദൃശ്യത്തിലുള്ളത് ഡ്രോണാണോ എന്ന് ഉറപ്പിക്കാൻകൂടിയാണ് പരിശോധന.

ശ്രീപദ്‌മനാഭസ്വാമിക്ഷേത്രം, കോവളം- തുമ്പ തീരദേശം, പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിൽ ഡ്രോൺ പറന്നതായാണ് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. അതിനിടെ, കഴിഞ്ഞ ആഴ്ച അനുമതിയില്ലാതെ ഡ്രോൺ പറത്തിയ മഹാരാഷ്ട്രയിലെ കമ്പനിക്കെതിരെയടക്കം പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. റെയിൽപാതയ്ക്കായി സർവേ നടത്തിയ ഇൻട്രോൺ സൊല്യൂഷൻ കമ്പനിക്കെതിരായ നേമം സ്റ്റേഷനിലെ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. പൊലീസ് ആസ്ഥാനം, ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ഡ്രോൺ പറത്തിയതിനാണ് ഫോർട്ട് സ്റ്റേഷനിലെ രണ്ടാം കേസ്. പൊലീസ് ആസ്ഥാനത്തിനു മുകളിലൂടെ പറന്നത് 250 ഗ്രാമിൽ താഴെ ഭാരമുള്ള ടോയ് ഡ്രോൺ ആകാമെന്നും രാത്രിദൃശ്യങ്ങൾ പകർത്താനുള്ള കാമറ ഇതിലുണ്ടാവില്ലെന്നും പൊലീസ് പറയുന്നു. ഡ്രോൺ വില്പനക്കാർ, വാടകയ്ക്ക് നൽകുന്നവർ തുടങ്ങിയവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കോവളത്ത് പറത്തിയത് അര കിലോയിലേറെ ഭാരമുള്ള ഡ്രോണാണ്.

തന്ത്രപ്രധാനമായ മേഖലകളിൽ ഡ്രോൺ പറത്തിയതിനെക്കുറിച്ച് മിലിട്ടറി ഇന്റലിജൻസ് അന്വേഷണം തുടങ്ങി. കോസ്റ്റ്ഗാർഡ് കേന്ദ്രം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷൻ എന്നിവയ്ക്കടുത്തു കൂടി ഡ്രോൺ പറന്നത് ഗൗരവത്തോടെയാണ് സൈന്യം നിരീക്ഷിക്കുന്നത്. ജനവാസകേന്ദ്രങ്ങൾക്ക് മുകളിലൂടെയാണ് ഡ്രോൺ പറന്നതെന്നും, ഇവ സൈനികാവശ്യത്തിന് ഉപയോഗിക്കുന്നതല്ലെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇനി ഡ്രോൺ കണ്ടാൽ നിലത്തിറക്കാൻ എന്തൊക്ക ചെയ്യാനാകുമെന്നതു സംബന്ധിച്ച് പൊലീസ് കേന്ദ്ര ഏജൻസികളുടെ ഉപദേശം തേടി. ജനവാസ മേഖലകളിൽ വെടിവച്ചിടാൻ പ്രയാസമാണ്. സൈനിക മേഖലകളിൽ ഡ്രോൺ വെടിവച്ചിടാൻ സൈനികർക്ക് അനുമതി ആവശ്യമില്ല. ഡ്രോണുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന്‌ റേഞ്ച് ഐ.ജി അശോക് യാദവ് പറഞ്ഞു. അനധികൃത ഡ്രോണുകൾ പറത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ സി​റ്റി പൊലീസ് കമ്മിഷണർ സഞ്ജയ്‌കുമാർ ഗുരുദിൻ പറഞ്ഞു.