തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. നാമനിർദ്ദേശപത്രികകൾ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ സമർപ്പിക്കാം. ഏപ്രിൽ 4 ആണ് സമർപ്പണത്തിനുള്ള അവസാനദിവസം. സൂക്ഷ്മപരിശോധന 5നാണ്. എട്ടുവരെ പത്രിക പിൻവലിക്കാം. അതത് ജില്ലാ കളക്ടർമാരാണ് വരണാധികാരികൾ.
ദേശീയ സംസ്ഥാന പാർട്ടികളുടെ സ്ഥാനാർത്ഥികൾ പത്രികയ്ക്കൊപ്പം ഒരു നിർദ്ദേശകന്റെയും അംഗീകാരമില്ലാത്ത പാർട്ടികളുടെ സ്ഥാനാർത്ഥികളും സ്വതന്ത്ര സ്ഥാനാർത്ഥികളും പത്തു നാമനിർദ്ദേശകരുടെയും പത്രികകൾ നൽകണം. സ്ഥാനാർത്ഥിയടക്കം അഞ്ചു പേരെ മാത്രമേ പത്രികാ സമർപ്പണത്തിനായി വരണാധികാരിയുടെ ഓഫിസിലേക്കു പ്രവേശിപ്പിക്കൂ. സ്ഥാനാർത്ഥിക്കൊപ്പം മൂന്നു വാഹനങ്ങൾ മാത്രമാണ് റിട്ടേണിംഗ് ഓഫിസറുടെ കാര്യാലയം സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ 100 മീറ്റർ പരിധിയിൽ പ്രവേശിപ്പിക്കുക. ഇക്കാര്യങ്ങൾ ഉറപ്പുവരുത്താൻ പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു സ്ഥാനാർത്ഥിക്ക് പരമാവധി നാലു സെറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സ്ഥാനാർത്ഥിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ അടക്കമുള്ള സ്വത്ത്, വായ്പാ വിവരങ്ങൾ, സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കുടിശികയുടെ വിവരങ്ങൾ, ക്രിമിനൽ കേസുകളുണ്ടെങ്കിൽ അവ സംബന്ധിച്ച എഫ്.ഐ.ആർ അടക്കമുള്ള പൂർണ വിവരങ്ങൾ ഫോം 26ൽ പരാമർശിക്കണം. 25000 രൂപയാണ് കെട്ടിവയ്‌ക്കേണ്ട തുക. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ 12500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.
ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യത്തിനും തിരഞ്ഞെടുപ്പ് ഹർജികൾക്കും പരിഗണിക്കാവുന്ന കാരണമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.
നിശ്ചിത ഫോർമാറ്റിൽ മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് പത്രങ്ങളിലും മൂന്ന് പ്രധാന ടി.വി ചാനലുകളിലും മൂന്നു തവണ വീതമാണ് പരസ്യം ചെയ്യേണ്ടത്. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതിയുടെ അടുത്തദിവസം മുതൽ വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പുവരെയുള്ള സമയത്താണ് പരസ്യം ചെയ്യേണ്ടത്. ഇതിന്റെ ചെലവ് സ്ഥാനാർത്ഥിയുടെ ചെലവിനത്തിൽ ഉൾപ്പെടുത്തും.