exam-hall

തിരുവനന്തപുരം: എസ്.എസ്.എൽ.സി കണക്ക് പരീക്ഷ വിദ്യാർത്ഥികളെ കണ്ണീര് കുടിപ്പിച്ചു. ചോദ്യ പേപ്പറിന്റെ നിലവാരം കൂടിയതാണ് വിദ്യാർത്ഥികളെ വെട്ടിലാക്കിയത്. അതിസമർത്ഥർ അതിജീവിക്കുമെങ്കിലും ശരാശരിക്കാരുടെ കണക്കുകൂട്ടൽ പാടെ തെറ്റിയെന്നാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും പറയുന്നത്. സമീപകാലത്തൊന്നും കണക്ക് പരീക്ഷ ഇത്ര കടുപ്പമായിട്ടില്ലെന്ന് അദ്ധ്യാപകരും പറയുന്നു.

മോഡൽ പരീക്ഷയെപ്പോലെ എളുപ്പമാകുമെന്ന് പ്രതീക്ഷിച്ച് പരീക്ഷാ ഹാളിലെത്തിയ വിദ്യാർത്ഥികളെ പേടിപ്പിക്കുന്നതായിരുന്നു കണക്ക്. രണ്ടും മൂന്നും മാർക്കിനുള്ള ചോദ്യങ്ങൾ അധികം ബുദ്ധിമുട്ടുണ്ടാക്കിയില്ലെന്ന് വിദ്യാ‌ർത്ഥികൾ പറഞ്ഞു. എന്നാൽ നാല് മാർക്കിന്റെ 16,18, 21 എന്നീ ചോദ്യങ്ങൾ പത്താം ക്ലാസ് ചോദ്യപ്പേറിന്റെ നിലവാരത്തിൽ നിന്ന് ഉയർന്നതായിരുന്നു.

17-ാമത്തെ ചോദ്യം ചിന്തിച്ച് എഴുതേണ്ടതായിരുന്നതിനാൽ വിദ്യാർത്ഥികൾ ആശയങ്കയിലുമായി. ഉത്തരം കണ്ടെത്തൽ മികച്ച വിദ്യാർത്ഥിക്കുപോലും ശ്രമകരമാണ്. ലഭിച്ച ഉത്തരം ശരിയാണെന്ന് പലർക്കും ഉറപ്പില്ല. സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങൾ വന്നില്ലെങ്കിലും ഉയർന്ന നിലവാരത്തിലുള്ള ചോദ്യങ്ങളായതിനാലാണ് വിദ്യാർത്ഥികൾ കുടുങ്ങിയത്. സമയത്തിന് പരീക്ഷ എഴുതി തീർക്കാൻ കഴിഞ്ഞില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അതേസമയം ഇന്നത്തെ ബയോളജി പരീക്ഷയോടെ ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കും.