തിരുവനന്തപുരം: ഈ മാസം അഞ്ചിന്റെ മന്ത്രിസഭായോഗം കാർഷിക, കാർഷികേതര വായ്പകൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്തിയതിന്റെ ഉത്തരവ് ഫയൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി മടക്കിയ സംഭവത്തിൽ ചീഫ്സെക്രട്ടറി അടക്കം മറുപടി നൽകണമെന്ന് മന്ത്രിമാർ.

ഇന്നലെ മന്ത്രിസഭാ യോഗത്തിന് മുമ്പ് മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഈ നിലപാടെടുത്തത്. വീഴ്ച ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് മന്ത്രിമാർ പഴിച്ചു. പിന്നീട് മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ചയായില്ല.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ചോദിച്ചാണ് ഫയൽ മടക്കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഇളവ് തേടി നിശ്ചിത ഫോർമാറ്റിലല്ല ചീഫ്സെക്രട്ടറി ഫയലയച്ചത്. വ്യക്തിഗത ആനുകൂല്യം നൽകേണ്ട ഫയൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയപ്പോൾ അത്യാവശ്യം വേണ്ട നടപടിക്രമങ്ങൾ പോലും പാലിച്ചില്ല.

മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ ഫയൽ പത്തിനകം ഉത്തരവാക്കി ഇറക്കാൻ സാധിക്കാത്തതിൽ തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നൽകിയാൽ ഉദ്യോഗസ്ഥതല വീഴ്ച സമ്മതിക്കേണ്ടിവരും. വീഴ്ചയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നേരത്തേ ഇറക്കിയ വാർത്താക്കുറിപ്പിനും വിരുദ്ധമാകും. സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന് വേണമെങ്കിൽ നടപടിയെടുക്കാം.

അതേസമയം, മൊറട്ടോറിയം കാലാവധി നീട്ടാനുള്ള ഉത്തരവ് വൈകിയാലും പ്രശ്നമുണ്ടാവില്ല. മറ്റ് വായ്പകളുടെ കാര്യത്തിലുള്ള ഉത്തരവിലാണ് വീഴ്ച. ഈ മാസം ആറിന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് മൊറട്ടോറിയത്തിന് അനുമതി തേടി അവർ റിസർവ് ബാങ്കിന് കത്തയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമായതിനാൽ റിസർവ് ബാങ്കും ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല. എങ്കിലും ജപ്തികളിലേക്ക് പോകരുതെന്ന അഭ്യർത്ഥന ബാങ്കേഴ്സ് സമിതി അംഗബാങ്കുകൾക്ക് മുന്നിൽ വച്ചു. സർഫറാസി നിയമവുമായി ബന്ധപ്പെട്ട് ഇടുക്കി, വയനാട് ജില്ലകളിലുണ്ടാകുന്ന പരാതികൾ പരിഹരിക്കാൻ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കേഴ്സ് സമിതി കമ്മിറ്റിയുമുണ്ടാക്കിയിട്ടുണ്ട്.