jacob-

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ, ഐ.പി.എസിൽ നിന്ന് സ്വയം വിരമിക്കാനുള്ള ജേക്കബ് തോമസിന്റെ അപേക്ഷയിൽ ചീഫ് സെക്രട്ടറി നിയമോപദേശം തേടി. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്‌ജർ വാങ്ങിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്നതിനാൽ അപേക്ഷയിൽ അനുകൂല തീരുമാനമെടുക്കണോ വൈകിപ്പിക്കണോ എന്നാണ് നിയമോപദേശം തേടിയിട്ടുള്ളത്.

സ്വയം വിരമിക്കുന്നതിനായി ജേക്കബ് തോമസ് ഇ-മെയിൽ വഴി ചീഫ് സെക്രട്ടറിക്ക് അപേക്ഷ അയച്ചിരുന്നെങ്കിലും ഒപ്പോ ഡിജി​റ്റൽ ഒപ്പോ ഇല്ലെന്ന കാരണത്താൽ പൊതുഭരണ വകുപ്പ് അത് സ്വീകരിച്ചിരുന്നില്ല. പിന്നീട് ദൂതൻ വഴി ജേക്കബ് തോമസ് പുതിയ അപേക്ഷ എത്തിച്ചു. സ്വയം വിരമിക്കുന്നതിന് മൂന്ന് മാസത്തെ നോട്ടീസ് നൽകണമെന്ന് ചീഫ് സെക്രട്ടറി നിലപാടെടുത്തു. 30 വർഷം സർവീസുള്ള സിവിൽസർവീസുകാർക്ക് അത്‌ ആവശ്യമില്ലെന്ന് ജേക്കബ് തോമസ് വിശദീകരണം നൽകി.

സാധാരണ സാഹചര്യത്തിൽ സിവിൽ സർവീസുകാർക്ക് സ്വയം വിരമിക്കാൻ കടമ്പകൾ ഏറെയുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണെങ്കിൽ നടപടിക്രമങ്ങൾ എളുപ്പമാണ്. മൗലികാവകാശം നിഷേധിച്ചെന്ന് കാട്ടി കോടതിയിൽ പോയാൽ തിരിച്ചടി കിട്ടുമെന്നതിനാൽ കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പ് കാലത്തെ സ്വയം വിരമിക്കൽ വേഗത്തിൽ അംഗീകരിക്കുകയാണ് പതിവ്. പക്ഷേ, അച്ചടക്കനടപടി ശേഷിക്കുന്നതിനാൽ ജേക്കബ് തോമസിന്റെ വിരമിക്കലിനെ സംസ്ഥാന സർക്കാർ എതിർക്കുകയാണ്. 50 വയസു കഴിഞ്ഞ സിവിൽസർവീസ് ഉദ്യോഗസ്ഥരുടെ സ്വയം വിരമിക്കൽ അപേക്ഷ സംസ്ഥാനത്തിന് സ്വീകരിക്കാമെന്നാണ് ചട്ടം. പിന്നീട് കേന്ദ്രത്തിന് അയച്ചുകൊടുത്താൽ മതി. ചാലക്കുടിയിൽ നിന്ന് ട്വന്റി 20 സ്ഥാനാർത്ഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുന്നത്.