ldf

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാവുന്നതിനെ ചൊല്ലി ഉയരുന്ന ചർച്ചകളെയും കോലാഹലങ്ങളെയും ഗൗനിക്കേണ്ടെന്ന് സി.പി.എമ്മും സി.പി.ഐയും. ബി.ജെ.പി ശക്തിയല്ലാത്ത, ന്യൂനപക്ഷ സ്വാധീന മണ്ഡലത്തിൽ രാഹുൽ മത്സരിക്കാനെത്തുന്നത് ദേശീയതലത്തിൽ കോൺഗ്രസ് ഇപ്പോഴുയർത്തിക്കാട്ടുന്ന രാഷ്ട്രീയത്തെ അപ്രസക്തമാക്കുമെന്നും അത് അവർക്ക് തിരിച്ചടിയാകുമെന്നും ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃയോഗങ്ങൾ വിലയിരുത്തി. വയനാട്ടിൽ രാഹുൽ മത്സരിക്കാനെത്തിയാൽ ശക്തമായ രാഷ്ട്രീയവിഷയങ്ങളുയർത്തി പ്രചാരണം കടുപ്പിക്കണമെന്നാണ് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയും സാമ്പത്തികനയത്തെയുമെല്ലാം തുറന്നുകാട്ടും.

വയനാട്ടിൽ രാഹുലിന്റെ പേരുയർത്തി ഇപ്പോൾ നടക്കുന്ന ചർച്ചകൾ കോൺഗ്രസിലെയും യു.ഡി.എഫിലെയും ആഭ്യന്തര കലഹങ്ങൾ മറച്ചുവയ്ക്കാനാണെന്ന സംശയവും ഇരുപാർട്ടികളിലുമുണ്ട്. വർഗീയതയ്ക്കെതിരായ രാഷ്ട്രീയപോരാട്ടം എന്ന പ്രഖ്യാപിതലക്ഷ്യത്തിൽ നിന്ന് തന്നെ മാറിപ്പോകലാകും വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം. ബി.ജെ.പിക്കെതിരായ പോരാട്ടമാണെങ്കിൽ ദക്ഷിണേന്ത്യയിൽ അവർ മത്സരിക്കേണ്ടത് കർണാടകയിൽ നിന്ന് മാത്രമാകണം. തമിഴ്നാട്ടിൽ പോലുമല്ല. വയനാട് മണ്ഡലത്തിൽ ബി.ജെ.പി രാഷ്ട്രീയപാർട്ടി എന്ന നിലയിൽ മത്സരചിത്രത്തിലേയില്ല. ബി.ഡി.ജെ.എസ് ആണ് അവിടെ എൻ.ഡി.എയിൽ നിന്ന് മത്സരിക്കുന്നത്. വയനാട്ടിലെ യു.ഡി.എഫ് അനിശ്ചിതത്വവും ഇടതുമുന്നണി പ്രചാരണത്തിൽ ഏറെ മുന്നേറിയതും ഈ ഘട്ടത്തിൽ അനുകൂലമാണെന്നാണ് സി.പി.ഐ എക്സിക്യൂട്ടിവിന്റെ വിലയിരുത്തൽ.

സംസ്ഥാനത്ത് സ്ഥാനാർത്ഥിചിത്രം പൂർത്തിയായപ്പോൾ പോരാട്ടം കനക്കുമെന്നാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. കോൺഗ്രസ്- ബി.ജെ.പി ധാരണ പല മണ്ഡലങ്ങളിലും സാദ്ധ്യതയുണ്ടെന്ന് അവർ സംശയിക്കുന്നു. ജയിക്കാവുന്ന ഒരു സീറ്റിൽ പരമാവധി ജയമുറപ്പാക്കുകയും മറ്റിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ സഹായിക്കുകയുമാണ് ബി.ജെ.പി നീക്കമെന്നാണ് സംശയം. പല മണ്ഡലങ്ങളിലെയും ബി.ജെ.പിയുടെ സ്ഥാനാർത്ഥിനിർണയമാണ് സി.പി.എമ്മിന്റെ സംശയം ബലപ്പെടുത്തുന്നത്.

സ്ഥാനാർത്ഥികളെ നേരത്തേയിറക്കി പ്രചാരണം ഒരു ഘട്ടം ഫലപ്രദമായി പിന്നിടാനായത് അനുകൂലഘടകമായാണ് സി.പി.ഐ വിലയിരുത്തുന്നത്. സി.പി.എമ്മും സി.പി.ഐയും തമ്മിലും ഇടതുമുന്നണി പൊതുവിലും നല്ല ഐക്യത്തോടെ നീങ്ങുന്നതും അനുകൂലഘടകമാണ്. ജനറൽസെക്രട്ടറി സുധാകർ റെഡ്ഡി അടക്കമുള്ള ദേശീയനേതാക്കൾ ഏപ്രിൽ ആദ്യവാരത്തോടെ പ്രചാരണത്തിനെത്തും.

സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക സംബന്ധിച്ച തയ്യാറെടുപ്പുകളും എക്സിക്യൂട്ടിവ് ചർച്ച ചെയ്തു.