300 കിലോമീറ്റർ അകലെ ലോ - എർത്ത് ഓർബിറ്റിലൂടെ ഭ്രമണം നടത്തിയിരുന്ന ഒരു ഉപഗ്രഹത്തെ ഇന്ത്യൻ ശാസ്ത്രജ്ഞർ മിസൈൽ അയച്ച് തകർത്തു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. അപ്പോൾ എന്താണ് ലോ - എർത്ത് ഒാർബിറ്റ് അഥവാ എൽ.ഇ.ഒ.?
ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്ന ബഹിരാകാശ പാതയാണ് ലോ - എർത്ത് ഓർബിറ്റ്. സമുദ്ര നിരപ്പിൽ നിന്ന് 160 കിലോമീറ്റർ ദൂരം മുതൽ 2000 കിലോമീറ്റർ ദൂരം വരെയുള്ള താഴ്ന്ന വായുമണ്ഡല പ്രദേശം. വർഷങ്ങളായി രാജ്യങ്ങൾ അയയ്ക്കുന്ന ഉപഗ്രഹങ്ങളിൽ ഭൂരിപക്ഷത്തിന്റെയും സഞ്ചാരപഥം. ഇതിൽ 'ചത്തു'പോയ നൂറ് കണക്കിന് ഉപഗ്രഹങ്ങളും വരും. ബഹിരാകാശത്തേക്ക് പോകുന്ന മനുഷ്യർ കറങ്ങുന്നതും ഇവിടെയാണ്. ഗതി നിർണയ ഉപഗ്രഹങ്ങളും കാലാവസ്ഥാ ഉപഗ്രഹങ്ങളും സൈനിക ആവശ്യത്തിനുള്ളതും എൽ.ഇ.ഒയിലാണ്. അന്താരാഷ്ട്ര സ്പെയിസ് സ്റ്റേഷനും ഇവിടെയാണ്.
എന്തുകൊണ്ട് പ്രിയങ്കരം?
ഉപഗ്രഹങ്ങൾ ആയുഷ്കാലത്തേക്കുള്ളതല്ല. അതിന്റെ 'ജാതകം' നിർണയിക്കപ്പെട്ടാണ് അയയ്ക്കുന്നത്. ഇത്രവർഷം കഴിഞ്ഞാൽ പ്രവർത്തനം നിലച്ച് പാഴ്‌വസ്തു ആകും. ഏത് ഉപഗ്രഹവും അന്തരീക്ഷത്തിലെ വാതകങ്ങളുമായും മറ്റ ഘടകങ്ങളുമായും സമ്പർക്കം പുലർത്തും. എൽ.ഇ.ഒയിലെ വായു വളരെ നേർത്തതാണ്. അപ്പോൾ അത് ഉപഗ്രഹങ്ങളിൽ വലിയ മർദ്ദം ഏൽപ്പിക്കില്ല. അതിനാൽ ഉപഗ്രഹത്തിന് കൂടുതൽ ആയുസ് ഉണ്ടാകും. പിന്നെ എൽ.ഇ.ഒയിൽ വിക്ഷേപിക്കാൻ ചെലവ് താരതമ്യേന കുറവാണ്. സിഗ്നലുകൾക്ക് നല്ല വ്യക്തതയും ലഭിക്കും.