ബ്രസീൽ 3 - ചെക്ക് റിപ്പബ്ളിക്
ഗബ്രിയേൽ ജീസസിന് ഇരട്ടഗോൾ
പ്രാഗ് : പകരക്കാരനായിറങ്ങി ഇരട്ട ഗോളടിച്ച ഗബ്രിയേൽ ജീസസിന്റെ മികവിൽ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ചെക്ക് റിപ്പബ്ളിക്കിനെ 3-1 ന് കീഴടക്കി ബ്രസീൽ.
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷാണ് ബ്രസീൽ വിജയം നേടിയത്. 37-ാം മിനിട്ടിൽ ഡേവിഡ് പവേൽക്കയുടെ ഗോളിന് ലീഡ് നേടിയ ചെക്ക് റിപ്പബ്ളിക്ക് ആദ്യ പകുതിയിൽ മുന്നിലായിരുന്നു. എന്നാൽ 49-ാം മിനിട്ടിലെ റോബർട്ടോ ഫിർമിനോയുടെ ഗോളിലൂടെ ബ്രസീൽ സമനില പിടിച്ചു. 83, മിനിട്ടുകളിലായി ഗബ്രിയേൽ ജീസസ് സ്കോർ ചെയ്തതോടെയാണ് ത്സരം മഞ്ഞപ്പടയ്ക്ക് സ്വന്തമായത്.
ചെക്ക് റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ ബ്രസീലിന് തന്നെയായിരുന്നു മേൽക്കൈ. എന്നാൽ ആദ്യം ആതിഥേയർ ഗോൾ നേടിയതോടെ മത്സരം ആവേശകരമായി.
കഴിഞ്ഞ ദിവസം പനാമയോട് 1-1 ന് സമനിലയിൽ പിരിഞ്ഞിരുന്ന ബ്രസീൽ മറ്റൊരു സമനിലയാണ് മുന്നിൽക്കണ്ടതെങ്കിലും ജീസസിന്റെ വരവാണ് കളിയുടെ ഗതി മാറ്റിയത്. രണ്ടാം പകുതിയിലാണ് ജീസസ് കളിക്കാനിറങ്ങിയത്.
ചെക്ക് റിപ്പബ്ളിക്കിന്റെ തുടർച്യായ രണ്ടാം പരാജയമാണിത്. കഴിഞ്ഞ ദിവസം യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ ഇംഗ്ളണ്ടിനോട് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് അവർ തോറ്റിരുന്നു.
0-1
37-ാം മിനിട്ടിൽ മിഡ്ഫീൽഡർ ഡേവിഡ് പാവെൽക്ക ബ്രസീൽ പ്രതിരോധത്തെ കബളിപ്പിച്ച് ചെക്ക് റിപ്പബ്ളിക്കിനെ മുന്നിലെത്തിച്ചു.
1-1
49-ാം മിനിട്ടിൽ ചെക്ക് ഡിഫൻഡർ മരേക്ക് സുഷിയുടെ ഒരു മിസ്‌പാക്ക് ബോക്സിനുള്ളിൽ നിന്ന് റോബർട്ടോ ഫിർമിനോ സമനില ഗോളായിരുന്നു.
2-1
83-ാം മിനിട്ടിൽ ഡേവിഡ് നെരേസ് ഇടതുവിംഗിലൂടെ ഓടിക്കയറി നൽകിയ തകർപ്പൻ പാസ് ഗോളാക്കി ഗബ്രിയേൽ ജീസസ് ബ്രസീലിനെ മുന്നിലെത്തിച്ചു.
3-1
അവസാനമിനിട്ടിൽ ചെക്ക് ബോക്സിനുള്ളിൽ പാസിംഗ് ഗെയിമിന് ശേഷം പോസ്റ്റിൽ തട്ടി റീ ബൗണ്ട ചെയ്തതിന്റെ ഷോട്ട് വലയിലാക്കിയാണ് ഗബ്രിയേൽ ജീസസ് രണ്ടാം ഗോൾ നേടിയത്.
അർജന്റീനയ്ക്ക് ഏയ്ഞ്ചൽ സ്പർശം
ടാൻഗിയർ : കഴിഞ്ഞ വാരം നടന്ന മത്സരത്തിൽ വെനിസ്വേലയോട് 1-3 ന് തോറ്റതിന്റെ നാണക്കേടിൽ നിന്ന് കഷ്ടിച്ച് ആശ്വാംസ നേടി അർജന്റീന. കഴിഞ്ഞ രാത്രി നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ജയിച്ചത്. നായകനും സൂപ്പർ താരവുമായ ലയണൽ മെസി ഇല്ലാതെയാണ് അർജന്റീന മൊറോക്കോയ്ക്ക് എതിരെ കളിക്കാനിറങ്ങിയത്. 83-ാം മിനിട്ടിൽ ഏൻജൽ കോറിയയാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്.
മെസിയുടെ അഭാവത്തിൽ പാബ്ളോ ഡൈബാലയും ലിയാൻഡ്രോ പരാഡേസുമാണ് അർജന്റീന അക്രമണത്തിന് ചുക്കാൻ പിടിച്ചത്. വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ ശക്തമായ കാറ്റിനൊപ്പം ആതിഥേയരുടെ ഫൗളുകളും ആദ്യ പകുതിയിൽ അർജന്റീനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ആദ്യ പകുതിയിൽ മൊറോക്കോയ്ക്ക് നല്ല ചില അവസരങ്ങൾ ലഭിച്ചെങ്കിലും അർജന്റീന ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.
രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണമേറ്റെടുത്ത അർജന്റീന വിജയത്തിലെത്തുകയായിരുന്നു.
മെസി ബാഴ്സയിലെത്തി
വെനിസ്വേലയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ അർജന്റീന സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ ക്ളബിൽ മടങ്ങിയെത്തി.മൊറോക്കോയ്ക്ക് എതിരായ മത്സരത്തിൽ മെസി കളിക്കാത്തതിനാൽ അർജന്റീനാ ഫുട്ബാൾ അസോസിയേഷന് മാച്ച് ഫീ ഇനത്തിൽ 5 ലക്ഷം യൂറോയുടെ വരുമാന നഷ്ടമുണ്ടായി. അതേ സമയം ജൂണിൽ തുടങ്ങുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ മെസി ബ്രസീലിനായി കളിക്കുമെന്ന് അർജന്റീന കോച്ച് സ്കലോണി അറിയിച്ചു.