summer

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കനത്ത ചൂടിന്റെയും വരൾച്ചയുടെയും പശ്ചാത്തലത്തിൽ ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള മൂന്ന് ടാസ്ക് ഫോഴ്സുകളെ നിയോഗിക്കും.

സൂര്യതാപം, വരൾച്ച എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വീഡിയോ കോൺഫറൻസ് മുഖേന ജില്ലാ കളക്ടർമാരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്റിസഭാ യോഗത്തിൽ മുഖ്യമന്ത്റി പിണറായി വിജയൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേർന്നത്. ജില്ലാ കളക്ടറേ​റ്റുകളിൽ കൺട്രോൾ റൂമുകൾ ഉടനെ തുടങ്ങണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

വരൾച്ച, കുടിവെള്ള ദൗർലഭ്യം, ജില്ലകളിലെ കൺട്രോൾ റൂം മേൽനോട്ടം, ഏകോപനം എന്നിവ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യൂ ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യർക്കും വിളകൾക്കും നാശനഷ്ടവും ആപത്തുമുണ്ടാക്കുന്നത് ഒഴിവാക്കാൻ വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സംസ്ഥാന ഫോറസ്​റ്റ് മേധാവിയുടെയും കമ്മിറ്റിയും പകർച്ച വ്യാധികൾ തടയാനും പ്രവർത്തന പുരോഗതിയുടെ മേൽനോട്ടത്തിനും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടീമും ഉണ്ടാകും. സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. ജില്ലകളിലെ കുടിവെള്ള ലഭ്യതയും യോഗം വിലയിരുത്തി. നിലവിൽ പഞ്ചായത്ത്, മുനിസിപ്പാലി​റ്റി, കോർപറേഷനുകൾ ഉൾപ്പെടെ 122 തദ്ദേശസ്ഥാപനങ്ങളിൽ ടാങ്കർ ലോറികൾ വഴി കുടിവെള്ളം കിയോസ്‌കുകളിലേക്ക് വിതരണം ചെയ്യുന്നുണ്ട്. ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം ആരംഭിച്ച തദ്ദേശസ്ഥാപനങ്ങളുടെ വിവരം ശേഖരിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, നഗരകാര്യ വകുപ്പ് ഡയറക്ടർ ആർ. ഗിരിജ, എൽ.എസ്.ജി അർബൻ ഇൻ ചാർജ് സെക്രട്ടറി ഡോ. മിത്ര ടി, ചീഫ് സെക്രട്ടറിയുടെ സ്​റ്റാഫ് ഓഫീസർ എം. അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.

യോഗത്തിന്റെ വിലയിരുത്തൽ

ഇതുവരെ സൂര്യതാപമേറ്റത് 284 പേർക്ക്

ഏ​റ്റവുമധികം കേസുകൾ പത്തനംതിട്ടയിൽ( 41)

സ്ഥിരീകരിച്ചത് ഒരു മരണം

അസ്വസ്ഥതയുണ്ടായ എല്ലാവർക്കും ആശുപത്രികളിൽ ഒ.പി ചികിത്സ ലഭ്യമാക്കി.
ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാനും ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനും നിർദ്ദേശം.കന്നുകാലികൾ, വന്യമൃഗങ്ങൾ എന്നിവയ്ക്കും കുടിവെള്ളം ലഭ്യമാക്കണം.

ജലം പാഴാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ശക്തമായ നടപടി സ്വീകരിക്കണം.

ദുരന്ത നിവാരണ അതോറി​ട്ടിയും ആരോഗ്യവകുപ്പും പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണം.