തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഇതോടെ പത്രികാ
സമർപ്പണവും ആരംഭിക്കും. ഏപ്രിൽ നാലുവരെയാണ് സമർപ്പണത്തിനുള്ള സമയം.
പ്രധാന സ്ഥാനാർത്ഥികളിൽ ആദ്യം പത്രിക സമർപ്പിക്കുന്നത് എൻ.ഡി.എയുടെ കുമ്മനം രാജശേഖരനാണ്. നാളെ ഉച്ചയ്ക്ക് 11 നാണ് അദ്ദേഹം പത്രിക സമർപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട മറ്റ് പരിപാടികൾക്ക് അന്തിമരൂപം ആയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഓഫീസിൽ നിന്ന് അറിയിച്ചു. ഇടതുമുന്നണി സ്ഥാനാർത്ഥി സി. ദിവാകരൻ 30നാണ് പത്രിക സമർപ്പിക്കുക. രാവിലെ ഒൻപതിന് പാളയം രക്തസാക്ഷിമണ്ഡപത്തിലെത്തി നിരവധി പ്രവർത്തകരുടെ സാന്നിധ്യത്തിൽ പുഷ്പാർച്ചന നടത്തും. അതിന് ശേഷം വമ്പൻ റോഡ് ഷോ ആയാണ് സിവിൽ സ്റ്റേഷനിലേക്ക് നീങ്ങുക. പാർട്ടി പ്രവർത്തകരും നേതാക്കളും നിരവധി വാഹനങ്ങളിൽ അകമ്പടി നൽകും. ഐക്യമുന്നണിയുടെ സ്ഥാനാർത്ഥിയും സിറ്റിംഗ് എം.പി.യുമായ ഡോ. ശശി തരൂർ ഏപ്രിൽ ഒന്നിനാണ് പത്രിക നൽകുക. അദ്ദേഹത്തിന്റെ മണ്ഡലം പര്യടനവും ഇതോടൊപ്പം ആരംഭിക്കും. മരുതംകുഴി ഉദിയന്നൂർ ക്ഷേത്രത്തിന് മുന്നിൽ നിന്ന് രാവിലെ എട്ടുമണിയോടെ പര്യടനം തുടങ്ങും. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പര്യടനം 11 മണിയോടെ പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് 12.15നാണ് അദ്ദേഹം പത്രിക സമർപ്പിക്കുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി അറിയിച്ചു.