# ഇന്ത്യ 7, കാനഡ 3
# മൻദീപിന് ഹാട്രിക്
ഇപ്പോ : സ്ട്രൈക്കർ മൻദീപ് സിംഗിന്റെ ഹാട്രിക്ക് മികവിൽ സുൽത്താൻ അസ്‌ലൻഷാ കപ്പ് ഹോക്കിയിലെ നാലാം മത്സരത്തിൽ കാനഡയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തരിപ്പണമാക്കി ഇന്ത്യ.
ആദ്യ ക്വാർട്ടറിൽ വരുൺ കുമാർ നേടിയ ഗോളിന് മുന്നിലായിരുന്ന ഇന്ത്യയെ രണ്ടാം ക്വാർട്ടറിൽ ഒൻപത് മിനിട്ടിനിടെ ഹാട്രിക് തികച്ചാണ് മൻദീപ് സുരക്ഷിതമാക്കിയത്. 20, 27, 29 മിനിട്ടുകളിലായിരുന്നു മൻദീപിന്റെ ഗോളുകൾ. 39-ാംമിനിട്ടിൽ അമിത് രോഹിദാസും 55-ാം മിനിട്ടിൽ വിവേക് പ്രസാദും 58-ാം മിനിട്ടിൽ നീലകണ്ഠ ശർമ്മയും ഇന്ത്യയുടെ മറ്റു ഗോളുകൾ നേടി. 35, 50, 57 മിനിട്ടുകളിലായാണ് കാനഡ സ്കോർ ചെയ്തത്.
ടൂർണമെന്റിലെ ഇന്ത്യയുടെ മൂന്നാം വിജയമാണിത്. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി റൗണ്ട് റോബിൻ ലീഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.
നാളെ അവസാന ലീഗ് മത്സരത്തിൽ ഇന്ത്യ പോളണ്ടിനെ നേരിടും.
ആദ്യ മത്സരത്തിൽ ഇന്ത്യ ജപ്പാനെ 1-0ത്തിന് തോൽപ്പിച്ചു.
രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയയോട് 1-1 ന് സമനില വഴങ്ങി.
മൂന്നാം മത്സരത്തിൽ മലേഷ്യയെ 4-2 ന് കീഴടക്കി.