ന്യൂഡൽഹി : കഴിഞ്ഞ ദിവസം ന്യൂഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ ഡൽഹി ക്യാപ്പിറ്റൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്ന ഐ.പി.എൽ. ക്രിക്കറ്റ് മത്സരം കാണാനൊരു വിശിഷ്ടാതിഥിയുണ്ടായിരുന്നു. സാക്ഷാൽ മൈക്കേൽ ഫെൽപ്‌സ്.
നീന്തൽക്കുളത്തിലെ അദ്ഭുത പ്രതിഭാസമായ മൈക്കേൽ ഫെൽപ്‌സ് ഡൽഹി ക്യാപ്പിറ്റൽസ് ടീമിന്റെ ക്ഷണപ്രകാരം ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണ് ഡൽഹിയിലെത്തിയത്. ഒളിമ്പിക്സുകളിൽ നിന്ന് 23 സ്വർണ മെഡലുകൾ നേടിയിട്ടുള്ള ഈ അമേരിക്കൻ സൂപ്പർ താരം ജീവിതത്തിൽ ആദ്യമായാണ് ഒരു ക്രിക്കറ്റ് മത്സരം നേരിട്ട് കാണുന്നത്.
33 കാരനായ ഫെൽപ്‌സിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം കൂടിയാണിത്. ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ മത്സരം തുടങ്ങി അരമണിക്കൂറോളം കഴിഞ്ഞാണ് ഫെൽപ്‌സ്.എത്തിയത്. ഒരു മണിക്കൂറോളം ഗാലറിയിൽ ചെലവിട്ട ശേഷമാണ് മടങ്ങിയത്. ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസ് ടീമിനൊപ്പം പരിശീലന വേളയിൽ സമയം ചെലവിടാനും ഫെൽപ്‌സ് എത്തിയിരുന്നു.