തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നൃത്തയിനങ്ങളിൽ പോയിന്റുകൾ വാരിക്കൂട്ടി വഴുതക്കാട് വിമൻസ് കോളേജിന്റെ കുതിപ്പ്. രണ്ടാം ദിനത്തിൽ 14 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 22 പോയിന്റുകൾ സ്വന്തമാക്കിയാണ് വിമൻസ് കോളേജിന്റെ മുന്നേറ്റം. 18 പോയിന്റുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജാണ് തൊട്ടുപിന്നിൽ. ആൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ചും പെൺകുട്ടികളുടെ വിഭാഗത്തിൽ 13 ഉം പോയിന്റുകൾ സ്വന്തമാക്കിയാണ് യൂണിവേഴ്സിറ്റി കോളേജ് പോരാട്ടം കടുപ്പിക്കുന്നത്. 10 പോയിന്റുകള്‍ വീതം സ്വന്തമാക്കിയ തിരുവനന്തപുരം ആൾസെയിന്റ്സ് കോളേജും നീറമൺകര എൻ.എസ്.എസ് വനിതാ കോളേജുമാണ് പോയിന്റു പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
നൃത്തമത്സരങ്ങളുടെ വിഭാഗത്തിലും വിമൻസാണ് ഒന്നാമത്. 14 പോയിന്റുകളാണ് അവരുടെ അക്കൗണ്ടിലുള്ളത്. 10 പോയിന്റുമായി ആൾസെയിന്റ്സും എട്ടു പോയിന്റുമായി മാർ ഇവാനിയോസുമാണ് യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളിൽ.
രചനാവിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ സ്വന്തമാക്കിയതും യൂണിവേഴ്സിറ്റി കോളേജാണ്. 13 പോയിന്റുകളാണ് ഈ വിഭാഗത്തിൽ കോളജിന്റെ സമ്പാദ്യം.