കൊൽക്കത്ത : കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് ജയിക്കാൻ വേണ്ടത് 219 റൺസ്. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 218/4 എന്ന സ്കോർ ഉയർത്തുകയായിരുന്നു. അർദ്ധ സെഞ്ച്വറികൾ നേടിയ റോബിൻ ഉത്തപ്പയുടെയും (67 റൺസ്, 50 പന്തുകൾ, ആറ് ഫോറുകൾ, 2 സിക്സ്), നിതീഷ് റാണയുടെയും (62 റൺസ്, 34 പന്തുകൾ, 2 ഫോറുകൾ, 7സിക്സ്) 48 റൺസടിച്ച ആന്ദ്രേ റസലിന്റെയും (17 പന്തുകൾ, 3 ഫോറുകൾ, 5 സിക്സ്) മികവിലാണ് കൊൽക്കത്ത 218 റൺസ് നേടിയത്.
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് നായകൻ രവിചന്ദ്രൻ അശ്വിൻ കൊൽക്കത്തയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ക്രിസ് ലിന്നിനൊപ്പം വെസ്റ്റ് ഇൻഡീസ് സ്പിന്നർ സുനിൽ നരെയ്‌നെയാണ് കൊൽക്കത്ത ഓപ്പണിംഗിന് അയച്ചത്.
പത്തു പന്തിൽ 10 റൺസ് നേടിയ ലിന്നാണ് ആദ്യം പുറത്തായത്. മൂന്നാം ഓവറിൽ മുഹമ്മദ് ഷമി ലിന്നിനെ മില്ലറുടെ കൈയിലെത്തിക്കുകയായിരുന്നു. ഒൻപത് പന്തുകളിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം കത്തിക്കയറാൻ നോക്കിയ സുനിൽ നരെയ്‌നും (24) പെട്ടെന്ന് പുറത്തായി. നാലാം ഓവറിൽ നരെയ്‌നെ (24) വിലോയൻ കീപ്പർ രാഹുലിന്റെ കയ്യിലെത്തിക്കുകയായിരുന്നു. ഇതോടെ കൊൽക്കത്ത 36/2 എന്ന നിലയിലായി.
തുടർന്ന് ക്രീസിലൊരുമിച്ച റോബിൻ ഉത്തപ്പയും നിതീഷ് റാണയുമാണ് ആതിഥേയരെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ഇരുവരും ചേർന്ന് 11 ഓവറിൽ 110 റൺസാണ് കൂട്ടിച്ചേർത്തത്. കഴിഞ്ഞ കളിയിലെ ഫോമിന്റെ തുടർച്ചയെന്നോണമാണ് റാണ ബാറ്റു വീശിയത്. 34 പന്തുകളിൽ രണ്ട് ഫോറുകളും ഏഴ് സിക്സുകളും റാണ പറത്തി. 15-ാം ഓവറിൽ ടീം സ്കോർ 146ൽ നിൽക്കുമ്പോഴാണ് റാണ മടങ്ങിയത്. വരുണന്റെ ബൗളിംഗിൽ മായാങ്ക് അഗർവാളിനായിരുന്നു ക്യാച്ച്.
തൊട്ടുപിന്നാലെ റോബിൻ ഉത്തപ്പ അർദ്ധ സെഞ്ച്വറിയിലെത്തി. റാണ നിറുത്തിയേടത്ത് നിന്ന് പകരമെത്തിയ ആന്ദ്രേ... തുടങ്ങിയതോടെ കൊൽക്കത്തയുടെ സ്കോർ 200 കടന്നു
പഞ്ചാബ് ബൗളർമാരെല്ലാം ഇന്നലെ തല്ലുകൊണ്ട് തകർന്നു. പഞ്ചാബ് ക്യാപ്ടൻ രവിചന്ദ്രൻ അശ്വിൻ അഞ്ചു സിക്സുകളാണ് വഴങ്ങിയത്. ഷമിയെയും വരുണിനെയും മൂന്ന് വീതം സിക്സ് പറത്തി.