ഡെറാഡൂൺ: ബിസ്ക്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ മുതിർന്ന വിദ്യാർത്ഥികൾ തല്ലിക്കൊന്നു. ഒരു ബോർഡിംഗ് സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിയായ വാസു യാദവാണ് ചില പ്ളസ് ടു വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനത്തിന് ഇരയായി മരണമടഞ്ഞത്. ഇക്കഴിഞ്ഞ മാർച്ച് 10ന് സ്കൂൾ വളപ്പിൽ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്.
സീനിയർ വിദ്യാർത്ഥികൾ പുറത്തുപോയിരുന്ന സമയത്ത് അവരുടെ പക്കലുള്ള ബിസ്ക്കറ്റ് പായ്ക്കറ്റ് വാസു മോഷ്ടിച്ചുവെന്ന് പറഞ്ഞ് ക്രിക്കറ്റ് ബാറ്റും വിക്കറ്റുകളുംകൊണ്ട് മർദ്ദിക്കുകയായിരുന്നു. അവശനായ വാസുവിനെ മണിക്കൂറുകൾ കഴിഞ്ഞാണ് ഹോസ്റ്റൽ വാർഡൻ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതറിഞ്ഞ സ്കൂൾ അധികൃതർ സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചു. ഇതിന്റെ ഭാഗമായി വാസുവിന്റെ സംസ്കാരം നടത്തുകയും ചെയ്തു.
മാതാപിതാക്കളെ പോലും മരണം അറിയിക്കാതെയാണ് ധൃതിപിടിച്ച് സംസ്കാരം നടത്തിയതെന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. സീനിയർ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനായി സ്കൂൾ അധികൃതർ മറച്ചുവച്ച സംഭവം പിന്നീട് പുറത്താവുകയായിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കാൻ സ്കൂൾ അധികൃതർ തയാറായിട്ടില്ല. സംഭവത്തെക്കുറിച്ച് തങ്ങൾ അന്വേഷിക്കാൻ ചെല്ലുമ്പോൾ തെളിവുകളൊന്നും ബാക്കിയുണ്ടായിരുന്നില്ലെന്നാണ് ഉത്തരാഖണ്ഡ് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ ഉഷ നെഗി പറഞ്ഞത്.