reena

കൊല്ലം: "ഞാൻ തെറ്റുകാരിയല്ല, ഭർത്താവ് പറഞ്ഞിട്ടാണ് ഡോക്ടറായി അഭിനയിച്ചത്"- ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് വിവാഹത്തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റീന പൊലീസിനോട് വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് ഹൈക്കോടതിയിൽ നിന്ന് ലഭിച്ച മുൻകൂർ ജാമ്യത്തിന്റെ രേഖകളുമായി റീന കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായത്. എസ്.എസ്.എൽ.സിയും എം.എൽ.ടിയുമാണ് വിദ്യാഭ്യാസ യോഗ്യതയെന്നും മുൻപ് നടന്ന വിവാഹത്തിൽ രണ്ട് പെൺകുട്ടികൾ ഉണ്ടെന്നും അഞ്ചൽ കരവാളൂർ സ്വദേശിനിയായ റീന വ്യക്തമാക്കി.

കോട്ടാത്തല സ്വദേശിയായ സൈനികനുമായി അടുപ്പത്തിലായപ്പോൾ ഈ വിഷയങ്ങളെല്ലാം പറഞ്ഞിരുന്നു. എന്നാൽ അനാഥയാണെന്നും അനാമിക എന്ന് പേര് പറഞ്ഞാൽ മതിയെന്നും സൈനികനാണ് ആവശ്യപ്പെട്ടത്. ക്രിസ്ത്യാനിയാണെന്ന് അറിഞ്ഞാൽ വീട്ടുകാർ എതിർക്കുമെന്നും അതുകൊണ്ട് ഇക്കാര്യം മറച്ചുവയ്ക്കുന്നതിന് അനാമിക എന്ന പേര് പറഞ്ഞാൽ മതിയെന്നും നിർബന്ധിച്ചു. ഗൈനക്കോളജിസ്റ്റ് ആണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചതും ഭർത്താവാണെന്നും വീടിന് മുന്നിൽ ബോർഡ് വച്ച് പൊങ്ങച്ചം കാട്ടുകയായിരുന്നുവെന്നുമാണ് റീന മൊഴി നൽകിയത്. ഭർതൃമാതാവിന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും മരണവാർത്ത അറിഞ്ഞാണ് എത്തിയതെന്നും ഇവർ പറയുന്നു.

ഭർതൃ സഹോദരിയുമായി തെറ്റിയതിന്റെ പേരിലുള്ള വിഷയങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അവരാണ് പരാതി നൽകിയിട്ടുള്ളത്. എന്നാൽ ഇപ്പോഴും ഭർത്താവ് തന്നെ വിളിക്കാറുണ്ടെന്നും റീന പറഞ്ഞതോടെ കേസ് മറ്റൊരുതരത്തിലേക്ക് മാറുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. റീനയുടെ മൊഴിയിൽ സ്ഥിരീകരണത്തിനായി ഭർത്താവായ സൈനികനെ നാട്ടിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയെങ്കിൽ മാത്രമേ അന്വേഷണം മുന്നോട്ട് പോവുകയുള്ളുവെന്ന് അന്വേഷണസംഘം അറിയിച്ചു.