lal

രണ്ടര വർഷത്തെ കാത്തിരിപ്പ്. മലയാളത്തിലെ താരരാജാവ് മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമ ആഘോഷപൂർവം തന്നെ തിയേറ്ററുകളിലെത്തി. മോഹൻലാലിന്റെ താരത്തിളക്കം കൊണ്ടുമാത്രമല്ല,​ മലയാള സിനിമയിൽ യുവനടന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭം കൂടിയായ ഈ സിനിമ ഏറെ പ്രത്യേകതകൾ നിറഞ്ഞതുമാണ്.

ലൂസിഫറിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം
തീർത്തും ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലറിൽ പെടുത്താവുന്ന സിനിമയായാണ് പൃഥ്വി തന്റെ ആദ്യ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു പുതുമുഖ സംവിധായകനാണ് ഈ ചിത്രം സംവിധാനം ചെയ്തതെന്ന തോന്നൽ ആദ്യന്തം തോന്നാത്ത വിധമാണ് പൃഥ്വിരാജ് സിനിമയെ വാർത്തെടുത്തിരിക്കുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മ. നടനെന്ന നിലയിൽ വിവിധ സംവിധായകർക്കൊപ്പം പ്രവർത്തിച്ച പൃഥ്വിരാജ് നാട്യത്തിനും അപ്പുറത്ത് സംവിധാനത്തെ ആരുമറിയാതെ പഠിച്ചെടുത്തിരിക്കുന്നുവെന്ന് പ്രേക്ഷകന് തോന്നും വിധമാണ് സിനിമയുടെ മേക്കിംഗ്.

lal1

കേരള രാഷ്ട്രീയത്തിലെ തന്നെ അതികായന്മാരിലൊരാളായ പി.കെ. രാംദാസ് എന്ന പി.കെ.ആറിന്റെ അകാല നിര്യാണത്തോടെ ഐ.യു.എഫിൽ ഉണ്ടാകുന്ന പ്രതിസന്ധിയിൽ തുടങ്ങുന്ന സിനിമ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളിലൂടെ,​ കള്ളവും ചതിയും കൊലകളും കടന്ന് മുന്നേറുന്നു. ഇന്ത്യയിൽ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ രാഷ്ട്രീയ ചൂതാട്ടങ്ങളും പൊളിറ്റിക്കൽ പിമ്പുകളേയും ആട്ടിൻ തോലിട്ട ചെന്നായ്‌ക്കളേയും കാലുവാരികളേയും മൂട് താങ്ങികളേയും എന്നുവേണ്ട തിരഞ്ഞെടുപ്പ് ഗോദയിലെ സകല കൊള്ളരുതായ്മകളേയും സിനിമ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. കൂട്ടത്തിൽ ദൃശ്യമാദ്ധ്യമങ്ങൾക്കും നല്ല വിമർശനമുണ്ട്.

lal

ഒരു പൊളിറ്റിക്കൽ എന്റർടെയ്‌മെന്റിന് വേണ്ട എല്ലാ ചേരുവകളും ചേരുംപടി ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന സിനിമയിൽ,​ മോഹൻലാൽ ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റാനുള്ള മാസ് ഡയലോഗുകൾക്കും പഞ്ഞമൊന്നുമില്ല. മോഹൻലാലിനെ പോലൊരു നടനെ വച്ച് സിനിമ ചെയ്യുമ്പോൾ ആരാധകർ എന്ത് പ്രതീക്ഷിക്കുന്നു എന്നത് പ്രധാനമാണ്. അത് നൽകുന്നതിന് അശേഷം മടി കാണിച്ചിട്ടില്ല പൃഥ്വിരാജ്. പൂർണമായൊരു പൊളിറ്റിക്കൽ ത്രില്ലറിന് ചടുലവും ആരാധകരെ ത്രസിപ്പിക്കുന്നതുമായ തിരക്കഥയൊരുക്കിയിരിക്കുന്നു മുരളി ഗോപി. എന്നാൽ പലപ്പോഴും തിരക്കഥാകൃത്തിന്റെ നിയന്ത്രത്തിൽ നിന്ന് പിടിവിട്ട് അതിനാടകീയതയുടെ വഴിയേ സിനിമ സഞ്ചരിക്കുന്നുണ്ട്. ചില രംഗങ്ങൾ പ്രേക്ഷകർക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ഒടുക്കം അതെന്താണെന്ന് പ്രേക്ഷകരിൽ ചിലരെങ്കിലും ആലോചിച്ച് തുടങ്ങുമ്പോഴേക്കും തിയേറ്ററിൽ ആരാധാകരുടെ ലാലേട്ടൻ കീ ജയ്,​ പൃഥ്വിരാജ് കീ ജയ് വിളികൾ ഉയർന്നിരിക്കും. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന മയക്ക് മരുന്ന് മാഫിയയുടെ കാണാപ്പുറങ്ങളിലേക്കും വെളിച്ചം വീശുന്നുണ്ട് സിനിമ. രാഷ്ട്രീയ പാർട്ടികൾ പല കോർപ്പറേറ്റ് ഭീമന്മാരിൽ നിന്നും ഫണ്ട് വാങ്ങാറുണ്ടെങ്കിലും മയക്കുമരുന്ന് മാഫിയകളിൽ നിന്നുള്ള ഫണ്ടിനായി കൈ നീട്ടുമെന്നോ അവരുമായി കൂട്ടുചേരുമെന്നോ സിനിമ പറഞ്ഞുവയ്ക്കുന്നത് ഒരുപക്ഷേ വലിയൊരു അതിശയോക്തിയായി നിലനിൽക്കുന്നു. ​

lal3

ചിത്രത്തിലെ നായകൻ സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രത്തിന്റ രണ്ട് വ്യത്യസ്ത മുഖങ്ങളെയാണ് സിനിമ അവതരിപ്പിക്കുന്നത്. ഇരട്ടമുഖമുള്ള ലൂസിഫറോ എന്ന് പ്രേക്ഷകർ കൗതുകം കൊള്ളുന്നിടത്ത് വച്ച് അബ്റാം ഖുറേഷി എന്ന പേര് പറ‍ഞ്ഞ് സംവിധായകൻ സിനിമയ്ക്ക് കർട്ടിനിടുകയാണ്.

lal4

അരങ്ങ് വാഴുന്ന മോഹൻലാൽ

മോഹൻലാൽ എന്ന നടന്റെ സമീപകാല സിനിമകളിലെ മാസ് എൻട്രിയാണ് ഇതിലേത്. തന്നിലേക്ക് തികച്ചും ഒതുങ്ങുകയും അതിജാഗ്രതയോടെയും അഭിനയിച്ചിരിക്കുകയാണ് മോഹൻലാൽ ഈ സിനിമയിൽ. എന്നാൽ,​ മോഹൻലാലിന്റെ ആ ചലനങ്ങൾ പോലും ആരാധകരുടെ ആവേശവും നെഞ്ചിടിപ്പുമേറ്റാൻ പോന്നതാണ്. ബിഗ് ബി എന്ന സിനിമയിൽ സമാന അഭിയനവുമായി മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പറയുന്ന ഡയലോഗിൽ അത്യാവേശം കാണിക്കാത്ത മോഹൻലാൽ,​ പക്ഷേ ആ ഡയലോഗോ ആംഗ്യമോ കൊണ്ട് ആരാധാകരെ ആവേശക്കൊടുമുടിയേറ്റും.

manju

പ്രതിനായക വേഷത്തിൽ മലയാള സിനിമയിൽ അരങ്ങേറിയ വിവേക് ഒബ്റോയി ബിമൽ നായർ എന്ന ബോബിയായി മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ലക്ഷണമൊത്ത വില്ലനായി വിവേക് തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. സിനിമയുടെ രാഷ്ട്രീയ ഗോദയിൽ പയറ്റിത്തെളിഞ്ഞ സായ്‌കുമാർ ഒന്നാന്തരം പ്രകടനമാണ് നടത്തുന്നത്. താരതമ്യേന ചെറിയ റോളിലെത്തുന്ന യുവനടൻ ടൊവിനോ തോമസും പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്. നായികയായ മഞ്ജു വാര്യർക്ക് പ്രിയദർശിനി എന്ന പേരുകൊണ്ട് മാത്രമെ പിടിച്ചുനിൽക്കാനാകുന്നുള്ളൂ. അത്രയ്ക്ക് അഭിനയ സാദ്ധ്യതയുള്ള വേഷമാണ് മഞ്ജുവിന്റേതെന്ന് കരുതാനാവില്ല. ഗോവർദ്ധന്റെ വേഷത്തിലെത്തുന്ന ഇന്ദ്രജിത്ത് ചെറുതെങ്കിലും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബൈജു,​ കലാഭവൻ ഷാജോൺ,​ ശിവജി ഗുരുവായൂർ,​ ആദിൽ ഇബ്രാഹിം,​ നന്ദു,​ ഫാസിൽ,​ നൈല ഉഷ,​ സാനിയ ഇയ്യപ്പൻ,​ ഷോൺ റോമി എന്നിവരടങ്ങിയ വൻതാരനിര തന്നെ സിനിമയിലുണ്ട്. സുജിത്ത് വാസുദേവിന്റെ കാമറ മികച്ചതാണ്.

വാൽക്കഷണം: ചെകുത്താനുമായൊരു ഡീലിന് ഇറങ്ങിക്കോളൂ

റേറ്റിംഗ്: 3.5