sslc-exam

തിരുവനന്തപുരം: വർഷങ്ങളോളം ഒരുമിച്ച് ഒരുമനസോടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുക, ഇനിയെന്ന് കാണുമെന്നോർത്ത് വിദ്യാലയത്തിന്റെ നടുമുറ്റത്ത് നിന്ന് സങ്കടപ്പെടുക തുടങ്ങി എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിനം ഇതുവരെ നൊമ്പരങ്ങളുടേയും കണ്ണീരിന്റെയുമായിരുന്നു... എന്നാൽ ഇതിനൊന്നും തങ്ങളെ കിട്ടില്ലെന്നാണ് ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ആഘോഷങ്ങളോടെ സ്കൂൾ വിട്ടിറങ്ങിയ ന്യൂജെൻ പിള്ളർ പറയുന്നത്. വാട്സാപ്പ് ഗ്രൂപ്പും ഫേസ്ബുക്കും മെസഞ്ചറുമൊക്കെയുള്ളപ്പോ എന്തിനാണ് കരഞ്ഞ് നിലവിളിച്ച് ഡാർക്ക് സീനുണ്ടാക്കുന്നതെന്നാണ് അവരുടെ വാദം. അവസാന മണിയൊച്ച കേട്ടപ്പോൾ അവർ ആരവത്തോടെ പുറത്തേക്കോടി.

ഗ്രൂപ്പ്ഫികളെടുത്തും പരസ്പരം മഷിയും ചായങ്ങളുമെറിഞ്ഞും ഏറെ നേരം കുട്ടികൾ സ്കൂൾ വരാന്തയിൽ ചെലവഴിച്ചു. അദ്ധ്യാപകരെ കണ്ട് യാത്രപറഞ്ഞു. വാട്ട്സാപ്പും ഫേസ് ബുക്കുമുള്ള കാലത്തോളം സൗഹൃദക്കോട്ട തകരില്ലെന്ന വിശ്വാസവുമായി കുട്ടികൾ വിദ്യാലയത്തിന്റെ പടികളിറങ്ങി.

ഫലം മേയ് 5ന്
സംസ്ഥാനത്തെ 54 ക്യാമ്പുകളിലായി ഏപ്രിൽ 5 മുതൽ മേയ് 2 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യനിർണയം നടക്കും. ആദ്യഘട്ടം ഏപ്രിൽ അഞ്ചിന് ആരംഭിച്ച് 13ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രിൽ 25ന് ആരംഭിക്കും. മേയ് അഞ്ചിന് ഫലമെത്തും.
സംസ്ഥാനത്ത് 2,923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലുമായി 4,35,142 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇതിൽ 2,22,527 പേർ ആൺകുട്ടികളും 2,12,615 പേർ പെൺകുട്ടികളുമാണ്. ഇവർക്കു പുറമേ പ്രൈവറ്റ് വിഭാഗത്തിൽ ന്യൂ സ്‌കീമിൽ (പി.സി.എൻ) 1,867 പേരും ഓൾഡ് സ്‌കീമിൽ (പി.സി.ഒ) 333 പേരും പരീക്ഷയെഴുതി.