kpa-majeed

തിരുവനന്തപുരം: ഇക്കുറി ലോക്സഭാ തിര‌‌‌ഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ട് ഇടതുപക്ഷത്തിന് കിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. കഴിഞ്ഞ നിയമസഭാ തിര‌‌ഞ്ഞെടുപ്പിൽ ചെറിയ തോതിലുള്ള ന്യൂനപക്ഷ കേന്ദ്രീകരണം ഇടതുപക്ഷത്തിന് അനുകൂലമായി സംഭവിച്ചിരുന്നു. എന്നാൽ, ഇക്കുറി കേന്ദ്രത്തിലെ മോദി ഘടകം ന്യൂനപക്ഷ വോട്ടുകൾ ഒന്നാകെ ഞങ്ങൾക്ക് അനുകൂലമാക്കും. മലബാറിലെ എല്ലാ സീറ്രുകളിലും ഇടതുപക്ഷത്തിന് കാലിടറും. കെ.പി.എ മജീദ് 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

ലീഡ് നേടും

പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിച്ച പൊന്നാനി, തവനൂർ, താനൂർ മണ്ഡലങ്ങളിൽ ഈ തിരഞ്ഞെടുപ്പിൽ വ്യക്തമായ ലീഡ് യു.ഡി.എഫ് നേടും. യു.ഡി.എഫ് മണ്ഡലങ്ങായ തിരൂരങ്ങാടി, തിരൂർ, കോട്ടയ്ക്കൽ, തൃത്താല മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷം കിട്ടും. അതേസമയം മലപ്പുറം മണ്ഡലത്തിൽ ലീഗിന് ഈസി വാക്കോവർ ആയിരിക്കും.

മലബാറിൽ മുന്നേറും

മലബാറിലെ മണ്ഡലങ്ങളിൽ ഇക്കുറി ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാവും കിട്ടുക. വടകരയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ലീഡ് നേടിയെങ്കിലും അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവും അവിടെ ഉണ്ടാകുക. കണ്ണൂരും കാസർകോടും യു.ഡി.എഫ് തിരിച്ചുപിടിക്കും. പാലക്കാട്ടും ആലത്തൂരിലുംപോലും വിജയിക്കാൻ ഇടതുപക്ഷത്തിന് കഴിയുമെന്ന് തോന്നുന്നില്ല. ഇവിടെ സി.പി.എം കനത്ത വെല്ലുവിളി നേരിടുകയാണ്. ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ തങ്ങൾക്കാവും ഗുണം ചെയ്യുക. ഇടതിന് കിട്ടുന്ന വോട്ടാണ് ബി.ജെ.പി പിടിക്കുക.

ലീഗാണ് അത് പറഞ്ഞത്

കാസർകോട് മണ്ഡലത്തിൽ മുസ്ലിം മത വിഭാഗത്തിൽപെട്ട സ്ഥാനാർത്ഥി വേണ്ടെന്ന് കോൺഗ്രസിനോട് ലീഗാണ് പറഞ്ഞത്. നല്ല സ്ഥാനാർത്ഥി സുബ്ബയ്യറൈ ആയിരുന്നു. രാജ്മോഹൻ ഉണ്ണിത്താനും കുഴപ്പമില്ല. കാസർകോട്ടയും മഞ്ചേശ്വരത്തെയും എം.എൽ.എമാരും ജില്ലാ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുമൊക്കെ മുസ്ലിം സമുദായത്തിൽപെട്ടവരാണ്. ഈ പശ്ചാത്തലത്തിലാണ് ഒരു ഹിന്ദു സമുദായത്തിൽപെട്ട സ്ഥാനാർത്ഥിയെ നിറുത്തണമെന്ന് ഞങ്ങളാവശ്യപ്പെട്ടത്. ഒരു മുസ്ലിം സ്ഥാനാർത്ഥിക്കവിടെ ജയിക്കാൻ കഴിയില്ല.

ബി.ജെ.പിക്ക് വോട്ട് കുറയും

തെക്കൻ ജില്ലകളിൽ ബി.ജെ.പി, വോട്ട് പിടിക്കുമായിരിക്കുമെങ്കിലും വടക്കൻ ജില്ലകളിൽ ബി.ജെ.പിക്ക് ഇത്തവണ കാര്യമായ പ്രകടനം നടത്താനാവില്ല. അവരുടെ വോട്ട് കുറയും.

രാഹുലിന്റെ വരവ്

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ അത് പൊതുവായി എല്ലാ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കും ഉത്തേജനമാകും.