ഗൾഫ് മേഖലയിൽ പണിയെടുക്കുന്ന മലയാളി പ്രവാസികളെ കൊള്ളയടിക്കുന്നതിൽ വിമാനകമ്പനികൾ പരസ്പരം മത്സരിക്കുകയാണ്. ഉത്സവ സീസണുകളിൽ പൊടുന്നനെ നിരക്കുകൾ ഉയരുന്നത് പതിവായിരുന്നു. ഇപ്പോൾ നിരക്ക് ഉയർത്താൻ ഒരു കാരണം കൂടി ലഭിച്ചിട്ടുണ്ട്. ഏതാനും ദിവസം മുൻപ് എത്യോപ്യയിലുണ്ടായ ഒരു വിമാനാപകടമാണ് അപ്രതീക്ഷിത നിരക്ക് വർദ്ധനയ്ക്കു കാരണം. ബോയിംഗ് - 737 മാക്സ് ഇനത്തിൽപ്പെട്ട വിമാനമാണ് എത്യോപ്യയിൽ തകർന്നുവീണ് അതിലുണ്ടായിരുന്ന മുഴുവൻ പേരും കൊല്ലപ്പെട്ടത്. അപകടത്തിനു കാരണം വിമാനത്തിന്റെ എന്തോ സാങ്കേതിക പിഴവാണെന്ന് ആരോപണം ഉയർന്നതോടെ ഈ ഇനത്തിൽപ്പെട്ട മുഴുവൻ വിമാനങ്ങളും ഗ്രൗണ്ട് ചെയ്യാൻ വിമാന കമ്പനികൾ നിർബന്ധിതരായി. ഇതേത്തുടർന്ന് സ്ഥിരം ഫ്ളൈറ്റുകളിൽ പലതും റദ്ദാക്കേണ്ടിവന്നപ്പോഴാണ് നഷ്ടം കുറയ്ക്കാൻ വേണ്ടി കമ്പനികൾ ടിക്കറ്റ് നിരക്ക് പലമടങ്ങ് വർദ്ധിപ്പിക്കാൻ നടപടിയെടുത്തത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള അനവധി സർവീസുകൾ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. യാത്രക്കാർ കൂടിയതോടെ ടിക്കറ്റ് നിരക്കുകളും ഉയർത്തി വിമാന കമ്പനികൾ ചൂഷണത്തിന്റെ പുതിയ ആകാശപാത തുറക്കുകയും ചെയ്തു. പൊടുന്നനെ ഉണ്ടായ നിരക്കു വർദ്ധന ഏറ്റവുമധികം ബാധിക്കുന്നത് പതിവുപോലെ മലയാളികളായ പ്രവാസികളെയാണ്. ഏതെങ്കിലുമൊരു ഗൾഫ് രാജ്യത്തു നിന്ന് നാട്ടിലെത്താൻ പഴയ നിരക്കിന്റെ മൂന്നോ നാലോ ഇരട്ടി മുടക്കേണ്ട സ്ഥിതിയാണിപ്പോൾ. മദ്ധ്യവേനൽ അവധി തുടങ്ങിയതോടെ ഇവിടെ നിന്ന് ഗൾഫ് നാടുകളിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുപോകാനൊരുങ്ങിയവർക്കും ഇപ്പോഴത്തെ നിരക്ക് വർദ്ധന ഇരുട്ടടിയായി.
യാത്രക്കാരെ കൊള്ളയടിക്കുന്നതിൽ എല്ലാ വിമാന കമ്പനികളും ഒരുപോലെയാണ്. നിരക്ക് കൂട്ടുന്നതിൽ ചില്ലറ ഏറ്റക്കുറച്ചിലുണ്ടാകാം. എന്നാൽ സിമന്റ് കമ്പനികളെപ്പോലെ തന്നെ ഇക്കാര്യത്തിൽ വിമാന കമ്പനികൾ തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതും ഒന്നിച്ചാണ്. ഏപ്രിൽ ഒന്നാം തീയതി വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് ഞെട്ടലുളവാക്കും വിധത്തിലാണ് ഓരോ കമ്പനിയും വർദ്ധിപ്പിച്ചിരിക്കുന്നത്. എമിറേറ്റ്സ് എയർ ലൈൻസ് വിമാനത്തിൽ അന്ന് ഇവിടെ നിന്ന് ദുബായിലേക്കു പറക്കാൻ നൽകേണ്ടി വരുന്നത് 69438 രൂപയാണ്. ദോഹയിലേക്ക് 88,705 രൂപയും. പ്രധാനമായും ഗൾഫ് സെക്ടറുകളിലാണ് ഈ തീവെട്ടിക്കൊള്ള നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. എപ്പോഴും ഇരകളാക്കപ്പെടുന്നതും ഗൾഫിൽ ഏറെ പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടിവരുന്ന പ്രവാസികളാണെന്നത് ദുഃഖകരമായ വസ്തുതയാണ്. ആഡംബരപൂർവം എല്ലാ വർഷവും പ്രവാസി ഭാരതീയ ദിവസം കൊണ്ടാടുന്ന കേന്ദ്ര സർക്കാർ വിമാന കമ്പനികൾ ഗൾഫിലെ പ്രവാസികളോട് കാണിക്കുന്ന ഈ കൊള്ളരുതായ്മ അവസാനിപ്പിക്കാൻ നാളിതുവരെ ചെറുവിരൽ പോലും അനക്കിയിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയെ പോലും ഇക്കാര്യത്തിൽ നിയന്ത്രിക്കാൻ സർക്കാരിനു കഴിയുന്നില്ല. മറ്റ് അന്തർദ്ദേശീയ ഫ്ളൈറ്റുകൾക്കു ബാധകമാകാത്ത നിരക്കു വർദ്ധന ഗൾഫ് സെക്ടറിൽ മാത്രം ബാധകമാക്കുന്നതിലെ പക്ഷപാതിത്തവും കാണാതിരുന്നുകൂടാ. ചോദിക്കാനും പറയാനും ആളില്ലാത്തതുതന്നെ ഇതിനു പ്രധാന കാരണം. സാധാരണക്കാരായ പ്രവാസികളുടെ ആവലാതികൾ ആർക്കു കേൾക്കണം.
ബോയിംഗ് - 737 മാക്സ് വിമാനങ്ങൾ പറക്കൽ നിറുത്തിയതോടെ നൂറുകണക്കിനു സർവീസുകളാണ് മുടങ്ങിയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം ആഭ്യന്തര സർവീസുകളിലും ഉണ്ടായിട്ടുണ്ട്. ഡൽഹി, മുംബയ് എന്നിവയടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയും അതിലധികവുമായി വർദ്ധിച്ചു കഴിഞ്ഞു. യാത്രക്കാരുടെ തിരക്കിനനുസരിച്ച് നിരക്കുകൾ കൂട്ടുക എന്നത് ഇപ്പോൾ ലോകമാകെ കാണുന്ന പ്രവണതയാണ്. വിമാന കമ്പനികളെ അനുകരിച്ച് ഇപ്പോൾ ചില ട്രെയിനുകളിലും ഈ സമ്പ്രദായം വന്നുകഴിഞ്ഞു. യാത്രക്കാരെ എത്രയധികം ചൂഷണം ചെയ്തിട്ടും വിമാനക്കമ്പനികളൊന്നും രക്ഷപ്പെടുന്നില്ലെന്നതാണ് മറ്റൊരു വിശേഷം. നടത്തിക്കൊണ്ടു പോകാനാവാത്ത സ്ഥിതിയിൽ ജറ്റ് എയർവേസ് പ്രവർത്തനം മതിയാക്കിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ തുടങ്ങിയതും അവസാനിപ്പിച്ചതുമായ വിമാന കമ്പനികൾ ഒരു ഡസനാണ്. വിമാന കമ്പനികൾക്ക് വൻതോതിൽ വായ്പ നൽകിയ ബാങ്കുകൾ വായ്പ തിരിച്ചുപിടിക്കാനാകാതെ വിഷമിക്കുകയാണ്. അതിനിടയിലും ജറ്റ് എയർവേസിനുവേണ്ടി പണമിറക്കാൻ ഒരുകൂട്ടം പൊതുമേഖലാ ബാങ്കുകൾ തയ്യാറെടുത്തു നില്ക്കുകയാണ്.
ആർക്കു പ്രാന്തുവന്നാലും കോഴിക്കാണ് കിടക്കപ്പൊറുതിയില്ലാതാകുന്നത് എന്നു പറഞ്ഞതുപോലെ എന്ത് ആകാശ പ്രതിസന്ധി ഉണ്ടാകുമ്പോഴും അതിന്റെ ആഘാതം ഏറ്റവും കനത്ത രീതിയിൽ അനുഭവിക്കേണ്ടിവരുന്നത് ഗൾഫിലെ മലയാളി പ്രവാസികളാണ്. അവരുടെ സഹായത്തിന് സംസ്ഥാന സർക്കാരോ കേന്ദ്രമോ എത്താറുമില്ല. സംസ്ഥാനത്തിന്റെ നാനാതരത്തിലുമുള്ള വികസനത്തിന് പ്രവാസികളുടെ സംഭാവന മഹത്തരമാണെന്ന് പ്രശംസ ചൊരിയാറുണ്ട്. എന്നാൽ അവർ അനീതി നേരിടുന്ന ഘട്ടങ്ങളിലൊന്നും സഹായിക്കാൻ ആരുമില്ലതാനും.