kai

കിളിമാനൂർ: വേനലിൽ കിളിമാനൂരിലെയും പരിസരപ്രദേശങ്ങളിലെയും തോടുകൾ വറ്റിവരണ്ടതോടെ ഇവയെല്ലാം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി. പഴയകുന്നുമ്മൽ പഞ്ചായത്തിലെ തോടുകൾക്കാണ് ഈ ഗതി. വേനലിന് മുമ്പ് കുത്തിയൊലിച്ച് ഒഴുകി കൊണ്ടിരുന്ന കൈത്തോടുകൾ ഉൾപ്പെടെയുള്ളവ ഇപ്പോൾ പ്ലാസ്റ്റിക്കും, മാംസാവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവ ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്നു. പാപ്പാലയിൽ നിന്ന് ആരംഭിച്ച് ചിറ്റാറിൽ പതിച്ചിരുന്ന കൈ തോട് ഇപ്പോൾ പ്രദേശത്തെ സ്വകാര്യ ചന്തയിലെയും, കച്ചവട സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമീപത്തെ പുറമ്പോക്കിലെ മരങ്ങൾ സ്വകാര്യ വ്യക്തി മുറിച്ച് തോട്ടിൽ ഇട്ടിരിക്കുന്നതിനാൽ സമീപ ദിവസങ്ങളിലെങ്ങാനും മഴ പെയ്താൽ ജലമൊഴുക്കിനു തടസമാകും. പഞ്ചായത്തിന് സ്വന്തമായി മാലിന്യങ്ങൾ ശേഖരിക്കുന്നതിനോ, സംസ്കരിക്കുന്നതിനോ ഉള്ള സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാൽ പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ഈ കൈതോടുകളിലാണ്. മഴക്കാലം ആകുന്നതോടെ ഈ മാലിന്യങ്ങൾ ഒഴുകി എത്തുന്നത് ചിറ്റാറിലേക്കാണ്. സംസ്ഥാന പാതയിൽ നിന്ന് ചിറ്റാറിലേക്ക് കോഴി വേസ്റ്റ് ഉൾപ്പെടയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവ് കാഴ്ചയാണ്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങേണ്ട ഈ സമയത്ത് ഈ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം രൂക്ഷമാണ്. ഇനിയും ഇത് തടയാൻ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ മഴക്കാലത്ത് കാത്തിരിക്കുന്നത് പകർച്ചവ്യാധികളുടെ ഒരു നീണ്ട നിര തന്നെയാകുമെന്ന് പ്രദേശവാസികൾ ഭയപ്പെടുകയാണ്. ഇതിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.