pinarayi-vijayan

തിരുവനന്തപുരം: ഐ.ടി മേഖലയിലടക്കം കേരളത്തിൽ വൻ നിക്ഷേപം നടത്താനും ടൂറിസം രംഗത്ത് കൂടുതൽ സഹകരിക്കാനും അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ കെന്നത്ത് ജസ്‌റ്റർ പറഞ്ഞു. ടൂറിസം, ബിസിനസ്, ആരോഗ്യം തുടങ്ങിയ മേഖലകളിലും സാങ്കേതിക രംഗത്തും സഹകരിക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പരിഗണനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങൾ കോൺസൽ ജനറലുമായി ചർച്ചചെയ്യും. പ്രളയം നേരിടുന്നതിലും നിപ്പ വൈറസിനെ പ്രതിരോധിക്കുന്നതിലും കേരളത്തിന്റെ നടപടികളെ കെന്നത്ത് അഭിനന്ദിച്ചു.

വെള്ളപ്പൊക്ക നിയന്ത്രണം ലക്ഷ്യമാക്കി കേരളം രൂപീകരിക്കുന്ന റിവർ ബേസിൻ മാനേജ്മെന്റ് അതോറിട്ടിക്ക് അമേരിക്കൻ സാങ്കേതിക സഹകരണം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പ്രളയത്തിൽ തകർന്ന കേരളത്തെ കൂടുതൽ മികച്ച നിലയിൽ പുനർനിർമിക്കാനുള്ള യത്നത്തിൽ സാങ്കേതിക സഹകരണം കേരളം പ്രതീക്ഷിക്കുന്നു. ഉയർന്ന തലത്തിലുള്ള ഗവേഷണത്തിൽ സഹകരിക്കാനുള്ള താത്പര്യവും കേരളം അറിയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യത്തെ അംബാസഡർ പ്രകീർത്തിച്ചു. ചെന്നൈയിലെ അമേരിക്കൻ കോൺസൽ ജനറൽ റോബർട്ട ബർഗസ്, പ്രസ് ഓഫീസർ കാത്‌ലീൻ ഹോസി, പൊളിറ്റിക്കൽ സ്‌പെഷ്യലിസ്‌റ്റ് പുന്നൂസ് മാത്തൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, സെക്രട്ടറി എം. ശിവശങ്കരൻ, പ്രൈവറ്റ് സെക്രട്ടറി ആർ.മോഹൻ എന്നിവരും പങ്കെടുത്തു.