ആറ്റിങ്ങൽ: മാലിന്യകൂമ്പാരത്തിൽ നിന്ന് ജീവിതം സുന്ദരമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കാസർകോട് സോഷ്യൽ സർവീസ് സൊസൈറ്റി. മാലിന്യം സംസ്‌കരിച്ച് വളമാക്കി മാറ്റുന്ന പ്രക്രിയയിലൂടെ ഈ പ്രസ്ഥാനം ഇപ്പോൾ നിരവധി കുടുംബങ്ങളുടെ അന്നദാതാവാണ്. കാസർകോട് കുമ്പള ഹരിതശ്രീയിൽ അമ്പത്തിരണ്ടുകാരനായ മോഹൻകുമാറിന്റെ നേതൃത്വത്തിൽ 2001ൽ ആരംഭിച്ച ഈ പ്രസ്ഥാനം തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ടാണ് പ്രവർത്തനം തുടങ്ങിയത്. നഗരസഭയുടെ മാലിന്യസംസ്‌കരണപദ്ധതിക്ക് ചുക്കാൻ പിടിക്കാനുളള പദ്ധതിയുമായി 2006ൽ സൊസൈറ്റി ആറ്റിങ്ങലെത്തി. ആറ്റിങ്ങലിൽ പ്രവർത്തനം ഏറ്റെടുത്തതു മുതൽ തുടർച്ചയായി മാലിന്യസംസ്‌കരണത്തിന് പുരസ്‌കാരം ലഭിക്കുന്നുണ്ട്. സംസ്ഥാനസർക്കാരിന്റെ എക്‌സലന്റ് പുരസ്‌കാരവും ഇന്നവേഷൻ പുരസ്‌കാരവും ലഭിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ ചുടുകാട്ടിലുളള സ്ഥലത്ത് ആരംഭിച്ച മാലിന്യസംസ്‌കരണപ്ലാന്റിൽ പ്രോജക്ടുകളുടെയും ഗവേഷണങ്ങളുടെയും ഭാഗമായി ധാരാളം വിദ്യാർത്ഥികൾ ഓരോവർഷവും സന്ദർശിക്കുകയും പ്രവർത്തനങ്ങൾ പഠനവിധേയമാക്കുകയും ചെയ്യുന്നുണ്ട്. ഇവിടത്തെ 34 ജീവനക്കാരിൽ 29 പേർ സ്ത്രീകളാണ്. ഇപ്പോൾ സാനിട്ടറിലാൻഡ് ഫില്ലിംഗ് എന്ന പുതിയ പദ്ധതിയുടെ നടപടികൾ അന്തിമഘട്ടത്തിലാണ്. ഒരു സ്വകാര്യ കമ്പനിയുമായി ചേർന്ന് തലമുടി സംസ്കരണയൂണിറ്റ് ആരംഭിക്കാൻ പദ്ധതി തയ്യാറായിക്കഴിഞ്ഞു. ക്വിക് വേസ്റ്റ് കമ്പോസ്റ്റ് എന്നപേരിൽ ഉറവിടമാലിന്യസംസ്‌കരണത്തിന്റെ പുതിയപദ്ധതിയുടെ ആസൂത്രണവും തുടങ്ങിയിട്ടുണ്ട്. ദുർഗന്ധമില്ലാത്ത മാലിന്യ പ്ലാന്റെന്ന പേരും ഈ കേന്ദ്രത്തിനുണ്ട്. സംസ്ഥാനത്തെവിടെ വേണമെങ്കിലും മാലിന്യസംസ്‌കരണത്തിന് സാങ്കേതികസഹായവും മറ്റുസഹായങ്ങളും ചെയ്തുകൊടുക്കാൻ തയ്യാറാണെന്നും ആറ്റിങ്ങലിലെ പ്രവർത്തന വിജയത്തിനു പിന്നിൽ നഗരസഭാ അധികാരികളുടെ പരിപൂർണ പിന്തുണയാണെന്നും സർക്കാരിന്റെ സഹായം കൂടി ലഭിച്ചാൽ കൂടുതൽ കരുത്തോടെ മുന്നേറാനാകുമെന്നും സൊസൈറ്റിയുടെ മേധാവികൾ പറയുന്നു.
സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ
നഗരസഭ ശേഖരിക്കുന്ന മാലിന്യം വാഹനങ്ങളിൽ പ്ലാന്റിലെത്തിക്കുന്നു
അവ തരംതിരിച്ച് സംസ്‌കരണത്തിന് സജ്ജമാക്കുന്നു. മണ്ണിരക്കമ്പോസ്റ്റ്, വിൻഡ്ട്രോ കമ്പോസ്റ്റ് എന്നിവയാണ് പ്രധാന സംസ്‌കരണരീതികൾ
പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് റോഡ് ടാറിംഗിന് കൈമാറുന്നു
മാലിന്യത്തിൽ നിന്ന് ഒഴുകിയിറങ്ങുന്ന വെള്ളം സംഭരിച്ച് ബയോഗ്യാസുണ്ടാക്കുന്നു
മാലിന്യസംസ്‌കരണശാലയോട് ചേർന്ന് പൂന്തോട്ടം പരിപാലിക്കുന്നു
പ്രതികരണം
ഒരു കിലോ മാലിന്യം സംസ്‌കരിക്കുന്നതിന് നഗരസഭ 55 പൈസ സൊസൈറ്റിക്ക് നല്കും. ബാക്കിച്ചെലവ് മാലിന്യം സംസ്‌കരിച്ച് കിട്ടുന്ന വളം വിറ്റുണ്ടാക്കണം. ഓരോമാസവും ശമ്പളമുൾപ്പെടെയുളള ചെലവുകൾക്കായി 2.5 ലക്ഷം രൂപവരെ ചെലവാകും. 2.25 ലക്ഷം വരെയാണ് നഗരസഭ നല്കുന്നത്. ഇതുനിമിത്തം സൊസൈറ്റി എല്ലാമാസവും നഷ്ടത്തിലാണ്. പ്ലാന്റിനുളളിൽ കെട്ടിക്കിടക്കുന്ന ടൺ കണക്കിന് വളം സർക്കാരും കൃഷിവകുപ്പും ഇടപെട്ട് വിറ്റഴിക്കാനുളള സംവിധാനം ഒരുക്കിയാൽ സംഘടനയ്ക്ക് വലിയ ആശ്വാസമാകും.
മോഹൻകുമാർ,
പ്രസിഡന്റ്,
കാസർകോട് സോഷ്യൽ സർവീസ് സൊസൈറ്റി
ഇവിടെ ഓരോദിവസവും സംസ്കരിക്കുന്നത് 14 മുതൽ 16 ടൺ വരെ മാലിന്യം
ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചത് 2006ൽ