തിരുവനന്തപുരം: ഗൾഫ് നാടുകളിലേക്കുള്ള വിമാനക്കൂലി കുത്തനെ കൂട്ടിയതിനൊപ്പം രാജ്യത്തെ ആഭ്യന്തര സർവീസുകളുടെ നിരക്കും പല മടങ്ങ് വർദ്ധിപ്പിച്ചു. കേരളത്തിൽനിന്ന് ഡൽഹി, മുംബയ്, ബംഗളൂരു, ചെന്നൈ സർവീസുകളുടെ നിരക്കിലാണ് വൻവർദ്ധന.

1900 രൂപ മുതൽ ലഭ്യമായിരുന്ന ബംഗളൂരു ടിക്കറ്റിന്‌ ഇപ്പോൾ 20,​564 രൂപ വരെ നൽകണം. ഇൻഡിഗോ മാത്രമാണ് ബംഗളൂരുവിലേക്ക് നേരിട്ട് സർവീസ് നടത്തുന്നത്. ഏപ്രിൽ ഒന്നിന് ഇൻഡിഗോയുടെ രാവിലെയുള്ള ബംഗളൂരു യാത്രയ്ക്ക്‌ 6075 രൂപ നൽകണം. വൈകിട്ടാവുമ്പോൾ 5000 ആവും. ഇൻഡിഗോയുടെ ചെന്നൈ വഴിയുള്ള സർവീസിൽ 6217, കൊച്ചി വഴി 7974, കണ്ണൂർ വഴി 9026 രൂപ വീതമാണ്. എയർഇന്ത്യയുടെ ചെന്നൈ വഴിയുള്ള സർവീസിൽ 13056 രൂപയും മുംബയ് വഴിയെങ്കിൽ 20564 രൂപയുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നിരന്തരം ഡൽഹി യാത്ര നടത്തുന്നത് മുതലെടുക്കാൻ കഴുത്തറുപ്പൻ നിരക്കാണ് ഈടാക്കുന്നത്.

ആഭ്യന്തരസർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നതാണ് നിരക്ക് ഉയരാൻ പ്രധാന കാരണം. തിരുവനന്തപുരത്ത് ഒരു വർഷത്തിനിടെ 340 ആഭ്യന്തര സർവീസുകൾ വെട്ടിക്കുറച്ചു. വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന ജെറ്റ് എയർവെയ്സ്, സ്പൈസ് ജെറ്റ് വിമാനങ്ങൾ സർവീസ് നിറുത്തി. കൊച്ചിയിലും ഇതുതന്നെ പ്രശ്‌നം. അവിടെ ജെറ്റ് എയർവെയ്സിന്റെ 13ഉം, സ്പൈസ് ജെറ്റിന്റെ 6ഉം സർവീസുകൾ റദ്ദാക്കി. മുംബയ് വഴിയുള്ള ഡൽഹി സർവീസുകളും ചെന്നൈ- കൊച്ചി സർവീസുമാണ് ഇപ്പോഴുള്ളത്. ഡൽഹി, പൂനെ സർവീസുകൾ നിറുത്തി. ജെറ്റ് എയർവെയ്സിന്റെ 119 വിമാനങ്ങളിൽ 40 എണ്ണമാണ് ഇപ്പോഴുള്ളത്.

തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക്

ഇൻഡിഗോയുടെ നോൺസ്റ്റോപ്പ് - 10,​000 രൂപ

കൊച്ചി വഴിയുള്ള എയർഇന്ത്യ- 9465

ബംഗളൂരു വഴിയുള്ള ഇൻഡിഗോ- 10488

നോൺ സ്റ്റോപ്പ് എയർഇന്ത്യ- 11460‌

മുംബയ് വഴിയുള്ള ഇൻഡിഗോ- 20176

മുംബയ് വഴിയുള്ള എയർഇന്ത്യ -21246 രൂപ

തിരുവനന്തപുരത്തുനിന്ന് മുംബയിലേക്ക്

ഇൻഡിഗോയിൽ നേരിട്ട് - 10684 രൂപ

ചെന്നൈ വഴി എയർഇന്ത്യയിൽ - 13769

കൊച്ചി വഴി എയർ ഇന്ത്യയിൽ - 13082

മുംബയിലേക്ക്‌ നേരിട്ട് എയർഇന്ത്യയിൽ- 12300

ഇൻഡിഗോ നോൺസ്റ്റോപ്പ് - 13041

രാവിലെ 6.20ന് ചെന്നൈ വഴി എയർഇന്ത്യ- 20984

കൊച്ചി-മുംബയ് സർവീസ് - 20,000 രൂപ

കേരളത്തിൽ പറന്നാലും ചിറക് കരിയും

തിരുവനന്തപുരത്തുനിന്ന്‌ കേരളത്തിലെ മറ്റ് നഗരങ്ങളിലേക്കുള്ള നിരക്കും കുത്തനെ കൂട്ടി. ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്തുനിന്ന്‌ കൊച്ചിയിലേക്ക് ഇൻഡിഗോ-4377, എയർഇന്ത്യയിൽ 4740 എന്നിങ്ങനെയാണ് നിരക്ക്. സാധാരണ സമയത്ത് ശരാശരി നിരക്ക് 2000 രൂപയാണ്. കോഴിക്കോട്ടേക്ക് എയർഇന്ത്യ എക്സ്‌പ്രസിൽ മാത്രമാണ് കുറഞ്ഞനിരക്കുള്ളത്- 4627രൂപ. ഒറ്റ സർവീസാണ് നേരിട്ടുള്ളത്. ബാക്കി സർവീസുകൾ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബയ് വഴി കറങ്ങിയുള്ളവയാണ്. ഇവയിൽ 17000 മുതൽ 22360 വരെയാണ് കോഴിക്കോട്ടേക്കുള്ള നിരക്ക്. 1700 രൂപയ്ക്ക് പറക്കാമായിരുന്ന ഇൻഡിഗോയുടെ കണ്ണൂർ സർവീസിൽ പുതിയ നിരക്ക് 4714 രൂപയാണ്. കൊച്ചി വഴി 6418, ബംഗളൂരു വഴി 6702, ചെന്നൈ വഴി 13543 രൂപയാണ് കണ്ണൂരിലേക്കുള്ള നിരക്കുകൾ.

''എത്യോപ്യയിലെ വിമാനാപകടത്തിന്റെ പേരിൽ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളെ നിലയ്ക്കുനിറുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം. വ്യവസ്ഥാപിത നിയമ സംവിധാനം കൊണ്ടുവരണം.''

വി.എം. സുധീരൻ