exam-postponed

തിരുവനന്തപുരം: വിദ്യാർത്ഥികളെ വലയ്‌ക്കാത്ത ജീവശാസ്ത്ര പരീക്ഷയോടെ എസ്.എസ്.എൽ.സി പരീക്ഷ അവസാനിച്ചു. ആകെ 23 ചോദ്യങ്ങളാണുണ്ടായിരുന്നത്. മോഡൽ പരീക്ഷയുടെ രീതിയിലുള്ള ചോദ്യങ്ങളാണ് ആവർത്തിച്ചത്. പ്രധാന പരീക്ഷ മോഡലിനെക്കാൾ എളുപ്പമായിരുന്നുവെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.

അവസാനത്തെ ചോദ്യത്തിലെ ഉപചോദ്യമായി നൽകിയ ചോദ്യം ഒഴിച്ചാൽ മറ്റെല്ലാം പാഠപുസ്‌തകത്തിൽ നിന്ന് ഉത്തരമെഴുതാൻ തരത്തിലുള്ളവയായിരുന്നു. ഇൻസുലിനെക്കുറിച്ചുള്ള 11-ാം ചോദ്യത്തിലെ ഉപചോദ്യമാണ് സിലബസിന് പുറത്ത് നിന്ന് ചോദിച്ചത്. എന്നാൽ ശരാശരി മിടുക്കന്മാരായ വിദ്യാർത്ഥികൾക്ക് പോലും ചിന്തിച്ചാൽ അനായാസമായി ഇതിന്റെ ഉത്തരം കിട്ടുമെന്നാണ് അദ്ധ്യാപകർ പറയുന്നത്. സ്ഥിരമുള്ള ചോദ്യ പേപ്പറിന്റെ മാതൃകയായിരുന്നു ഇത്തവണത്തേതിനും. ശരാശരിയിൽ താഴെയുള്ളവരെയും എ പ്ലസ് വിഭാഗക്കാരെയും നിരാശരാക്കാത്ത ചോദ്യപേപ്പറിൽ പാഠപുസ്‌തകത്തിലെ എല്ലാ അദ്ധ്യായങ്ങൾക്കും തുല്യപ്രാധാന്യം നൽകിയിരുന്നു. പരീക്ഷ എഴുതിയ എല്ലാവരും വിജയിക്കാൻ സാദ്ധ്യതയുണ്ടെന്നും അദ്ധ്യാപകർ പറഞ്ഞു. ഒന്നര മണിക്കൂർ കൊണ്ട് നന്നായി പരിക്ഷ എഴുതാനായെന്നും വിദ്യാർത്ഥികളും പറഞ്ഞു. സാമൂഹിക ശാസ്ത്ര പരീക്ഷയോടെ സി.ബി.എസ്.ഇ പരീക്ഷ നാളെ അവസാനിക്കും.