തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പത്രികാസമർപ്പണത്തിന് തുടക്കമിട്ട് എസ്.യു.സി.ഐ സ്ഥാനാർത്ഥി എസ്. മിനി. ആദ്യദിവസമായ ഇന്നലെ തിരുവനന്തപുരം മണ്ഡലത്തിൽ രണ്ടും ആറ്റിങ്ങലിൽ ഒന്നും ഉൾപ്പെടെ മൊത്തം മൂന്ന് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഡി.എച്ച്.ആർ.എം സ്ഥാനാർത്ഥികളാണ് ആറ്റിങ്ങലിലും തിരുവനന്തപുരത്തും പത്രിക സമർപ്പിച്ചത്. തിരുവനന്തപുരത്ത് എ. ഗോപകുമാറും, ആറ്റിങ്ങലിൽ ടി. ഷൈലജയുമാണ് ഡി.എച്ച്.ആർ.എമ്മിന് വേണ്ടി പത്രിക നൽകിയത്.
ഇന്നലെ വിജ്ഞാപനം പുറത്തിറക്കി അഞ്ച് മിനിട്ടിനകം രാവിലെ 11.05നാണ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ ആദ്യസ്ഥാനാർത്ഥിയായി കളക്ടർ കെ. വാസുകിക്ക് മിനി പത്രിക കൈമാറിയത്. യഥാർത്ഥ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായിട്ടാണ് താൻ മത്സരിക്കുന്നതെന്ന് പത്രിക നൽകിയ ശേഷം മിനി മാദ്ധ്യമങ്ങളോട് പറഞ്ഞു. എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി ആർ. കുമാർ, എം. ഷാജർഖാൻ, ആർ. ബിജു, ജി.ആർ. സുഭാഷ്, പി.എസ്. ഗോപകുമാർ, എ. സബൂറ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം പത്രിക സമർപ്പിക്കാൻ എത്തിയിരുന്നു.
പ്രമുഖ മുന്നണി സ്ഥാനാർത്ഥികളൊന്നും ഇന്നലെ പത്രിക നൽകാനെത്തില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ഇന്നും ഇടതുമുന്നണി സ്ഥാനാർത്ഥി സി.പി.ഐയുടെ സി. ദിവാകരൻ നാളെയും കോൺഗ്രസ് നേതാവും സിറ്റിംഗ് എം.പിയുമായ ഡോ. ശശി തരൂർ തിങ്കളാഴ്ചയുമാണ് പത്രിക നൽകുക. ഏപ്രിൽ നാലുവരെ പത്രിക സമർപ്പിക്കാം.