തിരുവനന്തപുരം : ശബരിമലയിൽ വിശ്വാസികൾക്ക് നേരെയുണ്ടായ അതിക്രമം ജനങ്ങൾക്കിടയിൽ സമാധാനപരമായ രീതിയിൽ ബോധവത്കരണ വിഷയമാക്കാൻ ഓരോ ബി.ജെ.പി പ്രവർത്തകനും സ്ഥാനാർത്ഥിക്കും അവകാശമുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഇക്കാര്യം ചർച്ചാ വിഷയമാകില്ലെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. പത്തനംതിട്ട മണ്ഡലത്തിൽ ഇക്കാര്യം നിയമാനുസരണം പ്രചാരണം നടത്താൻ എൻ.ഡി.എ സ്ഥാനാർത്ഥിക്കും പ്രവർത്തകർക്കും പൂർണ സ്വാതന്ത്ര്യമുണ്ട്. മുഖ്യ പ്രചാരണവിഷയം എന്താണെന്ന് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ 'വീണ്ടും വേണം മോദി ഭരണം" എന്ന മുദ്രാവാക്യം ഉയർത്തി മോദി ഭരണത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നാണ് പറഞ്ഞത്. ഇത് സംബന്ധിച്ച ചില ഭാഗങ്ങൾ അടർത്തിയെടുത്ത് കുപ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയല്ല.
ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാരിന് നിയമനിർമ്മാണത്തിന് അധികാരമുണ്ടെങ്കിൽ അത് വിശ്വാസസംരക്ഷണാർത്ഥം ഉപയോഗിക്കാൻ ബി.ജെ.പി ശ്രമിക്കും. വിശ്വാസസമൂഹവും പന്തളം രാജകുടുംബവും ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.