election

തിരുവനന്തപുരം: കടുത്ത ചൂടിനെ വകവയ്ക്കാതെ പ്രചാരണത്തിരക്കിലായ സ്ഥാനാർത്ഥികൾ ഇന്നു മുതൽ പത്രിക സമർപ്പണ റോഡ് ഷോയിലേക്ക് മാറും. ഇന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പത്രിക സമർപ്പിക്കും. ഏപ്രിൽ ആദ്യവാരത്തോടെ മണ്ഡലത്തിൽ സജീവപര്യടനത്തിനും തുടക്കമാകും.

നമ്പി നാരായണനിൽ നിന്ന് അനുഗ്രഹം തേടി സി. ദിവാകരൻ

പത്മ അവാർഡ് നൽകി രാജ്യം ആദരിച്ച മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനും ചാരക്കേസിൽ കുടുങ്ങിയുള്ള കൊടും പീഡനങ്ങളെ അതിജീവിച്ച കരുത്തനുമായ നമ്പി നാരായണനെ സന്ദർശിച്ച് ഇടതുസ്ഥാനാർത്ഥി സി. ദിവാകരൻ ഇന്നലെ അനുഗ്രഹം തേടി. ഇൗഞ്ചയ്ക്കലിലെ നമ്പി നാരായണന്റെ വസതിയിലെത്തിയ സ്ഥാനാർത്ഥിക്ക് ഉൗഷ്മളമായ വരവേല്പാണ് ലഭിച്ചത്. വെട്ടുകാട് പള്ളിയിലും ടൈറ്റാനിയം കമ്പനിയിലുമൊക്കെയായിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥി സി. ദിവാകരന്റെ ഇന്നലത്തെ പര്യടനം. പേട്ട ജംഗ്ഷൻ, ഡൊമസ്റ്റിക് വിമാനത്താവളം, പൂന്തുറ ഗവൺമെന്റ് ആശുപത്രി, വഞ്ചിയൂർ കോടതി, സെന്റ് ജോസഫ് പ്രസ് എന്നിവിടങ്ങളിലും മുട്ടത്തറ എൻജിനിയറിംഗ് കോളേജിലും അദ്ദേഹം പ്രചാരണം നടത്തി. ഉച്ചയ്ക്കുശേഷം പബ്ലിക് ഓഫീസ്, കോർപറേഷൻ ഓഫീസ്, കെ.എസ്.ആർ.ടി.സി വികാസ് ഭവൻ ഡിപ്പോ എന്നിവിടങ്ങളിലും സന്ദർശനം നടത്തി. എൽ.ഡി.എഫ് നേതാക്കളായ സി .ജയൻബാബു, എം. രാധാകൃഷ്ണൻ നായർ, എ.എ. റഷീദ്, ആർ. സജിലാൽ, പാളയം രാജൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

ബി.ജെ.പി സ്ഥാനാർത്ഥി ഇന്ന് പത്രിക നൽകും

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കും 1 മണിക്കുമിടയിലാണ് പത്രിക സമർപ്പണം. ഹരിവരാസനം രചിച്ച കോമലഴേത്ത് ജാനകിഅമ്മയുടെ മകൾ ബാലാമണിഅമ്മയാണ് കുമ്മനത്തിന് കെട്ടി വയ്ക്കാനുള്ള പണം നൽകുന്നത്. കവടിയാർ വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പ്രകടനമായാണ് പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥി എത്തുന്നത്.

തരൂർ കോവളത്ത്

വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയെ വണങ്ങിയാണ് ശശി തരൂർ കോവളം മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ടത്. വിഴിഞ്ഞം, തെന്നൂർക്കോണം, മുക്കോല, കൊച്ചുപള്ളി, പുതിയതുറ, കൊച്ചുതുറ, വിഴിഞ്ഞം, പാമ്പുകാല, കാഞ്ഞിരംകുളം, ഉച്ചക്കട, ബാലരാമപുരം, പുന്നമൂട്,കല്ലിയൂർ, കാക്കാമൂല വഴിപൂങ്കുളത്ത് അവസാനിച്ചു. ഇന്നലെ നേമം മണ്ഡലത്തിലും അദ്ദേഹം പര്യടനം നടത്തി.

കുമ്മനം കഴക്കൂട്ടത്ത്

രാവിലെ കഴക്കൂട്ടം മഹാദേവർ ക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിച്ച എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ ഇന്നലത്തെ പര്യടനം ശ്രീകാര്യം പ്രദേശത്തെ കോളേജുകളിലും കഴക്കൂട്ടം ചന്തയിലും വ്യാപാര സ്ഥാപനങ്ങളിലേക്കും നീണ്ടു. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ ജീവനക്കാരുടെ യോഗത്തിൽ പങ്കെടുത്തു.