photo

നെടുമങ്ങാട്: അരുവിക്കരയുടെ ടൂറിസം വികസനത്തിന് ടൂറിസം വകുപ്പ് അണിയറയിൽ സജ്ജമാക്കിയത് 1.71 കോടിയുടെ പദ്ധതികൾ. വിശ്രമകേന്ദ്രത്തിനും ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിക്കാനും ജില്ലാ പഞ്ചായത്ത് നീക്കിവച്ചത് 61 ലക്ഷം. അറ്റകുറ്റപ്പണിക്കും ഹൈമാസ്റ്റ് ലൈറ്റിനും ഗ്രാമപഞ്ചായത്ത് അനുവദിച്ചത് 25ലക്ഷം . വികസനത്തിന് പദ്ധതികളും തയാറാക്കി തുകയും വകയിരുത്തിയിട്ടും പദ്ധതി നടത്തിപ്പ് കടലാസിൽ തന്നെ ഉറങ്ങുകയാണ്. ചുരുക്കിപ്പറഞ്ഞാൻ അരുവിക്കരയിൽ എത്തുന്ന സഞ്ചാരികൾക്ക് മൂത്രശങ്കതീർക്കാൻ പൊതുവഴി തന്നെ ശരണം. മറ്റൊരു വേനലവധി കൂടി കടന്നുവരുമ്പോഴും അരുവിക്കരയുടെ പരാധീനതകൾക്ക് പരിഹാരം അകലെയാണ്. ഡാമിനു സമീപം കുട്ടികൾക്കായി പണിത ശിവാപാർക്കും ഉപയോഗിക്കാൻ കഴിയാതെ നശിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാതെയും കളിക്കോപ്പുകൾ തകർന്നും അനാഥാവസ്ഥയിലായിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ല. രണ്ടു വർഷം മുമ്പ് എ. സമ്പത്ത് എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് ആവശ്യമുള്ള കളിക്കോപ്പുകൾ വാങ്ങി സ്ഥാപിച്ചിരുന്നു. കുറേനാൾ നന്നായി പ്രവർത്തിച്ച പാർക്ക് പിന്നീട് ശ്രദ്ധിക്കാൻ ആളില്ലാതെ നാശിക്കാൻ തുടങ്ങി. വാട്ടർ ഫൗണ്ടൻ, ഊഞ്ഞാൽ, സ്ലയിസുകൾ എന്നിവയടക്കം നിരവധി കളിക്കോപ്പുകൾ തകർന്നു കിടക്കുകയാണ്. തകർന്നുപോയവ പ്രവർത്തനക്ഷമമാക്കാൻ ചെറിയ അറ്റുകുറ്റപ്പണികൾ മതിയാവുമെന്നിരിക്കെ, വികസനത്തിന്റെ പേരിൽ വൻ തുകകൾ പ്രഖ്യാപിച്ചവർ പോലും അതിന് മുതിരുന്നില്ലെന്നതാണ് ശ്രദ്ധേയം.

കുട്ടികൾക്കുവേണ്ടി സ്ഥാപിച്ച കളിക്കോപ്പുകളിൽ മുതിർന്നവരും ഇരിക്കുന്നതാണ് ഇത് നശിക്കാൻ കാരണമെന്നാണ് അധികൃതരുടെ ന്യായം. ജല അതോറിട്ടിയുടെ സ്ഥലമാണെങ്കിലും ബന്ധപ്പെട്ടവർ കണ്ട ഭാവം കാണിക്കാറില്ല. പാർക്കും ബലിമണ്ഡപവും സന്ധ്യകഴിഞ്ഞാൽ ഇരുളിലാകും പിന്നീട് കുട്ടികളുടെ പാർക്ക് സാമൂഹിക വിരുദ്ധരുടെ താവളമാകും. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചെങ്കിലും ഇതുവരെ വെളിച്ചം നൽകാനും കഴിഞ്ഞിട്ടില്ല. സന്ദർശകർക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും സൗകര്യപ്രദമായ നിർമ്മിതി മോഡൽ കെട്ടിടം ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. പദ്ധതികളൊന്നും നടപ്പാകാതായതോടെ വാട്ടർ അതോറിട്ടിയും ടൂറിസം പ്രമോഷൻ കൗൺസിലും പരസ്പരം പഴിചാരി രക്ഷപെടുകയാണ്. ഫലത്തിൽ ഇത്തവണയും വേനലവധി ആഘോഷിക്കാൻ തകർന്ന കളിക്കോപ്പുകളും അടഞ്ഞ കെട്ടിടങ്ങളും ഇരുളുമൂടിയ പാർക്കും മാത്രമാണ് ഉള്ളത്.