k-surendran

തിരുവനന്തപുരം:പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം നിശ്ചയിച്ചു കഴിഞ്ഞിട്ടും അതിനെ ചുറ്റിപ്പറ്റി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ രൂക്ഷമായ ശീതസമരം അടങ്ങുന്നില്ല.പത്തനംതിട്ടയിൽ ശബരിമല സജീവ ചർച്ചാവിഷയമാണെന്ന ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറിയും സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രന്റെ പ്രസ്താവനയെ ഇന്നലെ രാവിലെ തള്ളിപ്പറഞ്ഞ സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, ഉച്ച കഴിഞ്ഞ് നിലപാട് തിരുത്തി. പിള്ളയുടെ പ്രസ്‌താവന രാഷ്‌ട്രീയമായി തിരിച്ചടിയാകുമെന്ന് കണ്ട് ആർ.എസ്.എസ് നേതൃത്വം ഇടപെട്ടതോടെയാണ് അദ്ദേഹം തിരുത്തിയതെന്നാണ് അറിയുന്നത്.

ശബരിമലയിൽ വിശ്വാസികൾക്ക് നേരേ നടന്ന അതിക്രമങ്ങൾ സമാധാനപരമായ നിലയിൽ ബോധവത്കരണ വിഷയമാക്കാമെന്നാണ് തിരുത്തൽ കുറിപ്പിൽ ശ്രീധരൻപിള്ള വിശദീകരിച്ചത്.

പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകാൻ ശ്രീധരൻപിള്ളയും സുരേന്ദ്രനുമാണ് അവസാനം വരെ രംഗത്തുണ്ടായിരുന്നത്. മേഖലാടിസ്ഥാനത്തിൽ അഭിപ്രായരൂപീകരണം നടത്തി കേന്ദ്രത്തിന് സമർപ്പിച്ച സാദ്ധ്യതാപട്ടികയിൽ ഒന്നാമൻ ശ്രീധരൻപിള്ളയായിരുന്നു. രണ്ടാമത് എം.ടി. രമേശും മൂന്നാമത് കെ. സുരേന്ദ്രനും ആയിരുന്നു. ആർ.എസ്.എസിന്റെ ശക്തമായ സമ്മർദ്ദത്തിൽ സുരേന്ദ്രന് നറുക്ക് വീഴുകയായിരുന്നു. ശ്രീധരൻപിള്ള മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ശബരിമല പ്രചാരണ വിഷയമാക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെ പിള്ള തള്ളിയതിനെ ഇതുമായി ചേർത്തുവായിക്കുകയാണ് പാർട്ടിയിൽ ഒരു വിഭാഗം. ശബരിമലയുടെ പേരിലുണ്ടായ വിശ്വാസിധ്രുവീകരണം വോട്ടാകുമെന്ന് കണക്കുകൂട്ടുന്ന സംഘപരിവാർ നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണ് ശ്രീധരൻപിള്ളയുടെ പ്രസ്താവനയെന്നാണ് സുരേന്ദ്രൻ അനുകൂലികളുടെ ആക്ഷേപം.

ശബരിമലയല്ല മുഖ്യ പ്രചാരണ വിഷയമെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ താനാണെന്നുമാണ് പിള്ള രാവിലെ പറഞ്ഞത്. മോദി ഭരണം വീണ്ടും വരണം എന്ന മുദ്രാവാക്യത്തിലൂന്നിയാകും പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിഭരണത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്നതോടൊപ്പം പത്തനംതിട്ടയിൽ ശബരിമലവിഷയം നിയമാനുസൃതമായി ഉപയോഗിച്ച് പ്രചാരണം നടത്താൻ അവിടത്തെ എൻ.ഡി.എ സ്ഥാനാർത്ഥിക്കും പ്രവർത്തകർക്കും പൂർണ്ണസ്വാതന്ത്ര്യമുണ്ടെന്നുമാണ് പിള്ള വൈകിട്ട് തിരുത്തി പറഞ്ഞത്.