വിഴിഞ്ഞം: ഒന്നേകാൽ വയസുകാരൻ മരിച്ചു. പേവിഷബാധയെന്നു സംശയം. വിഴിഞ്ഞം കോട്ടപ്പുറം കരമ്പള്ളിക്കരയിൽ പരേതനായ
ശബരിയാരുടെയും റീനയുടെയും ഏകമകൻ റെജിനാണ് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്.ചൊവ്വാഴ്ച വൈകിട്ടോടെയാണ് റെജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഛർദ്ദിയും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്ന് ആദ്യം വിഴിഞ്ഞത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ജനറൽ ആശുപത്രിയിലേക്കുമാറ്റി. മുൻപ് നായയുടെ നഖംകൊണ്ട് മുറിവുണ്ടായതായി ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് ആന്റി റാബിസ് മരുന്ന് കുത്തിവച്ചശേഷം എസ്.എ.ടി ആശുപത്രിയിലേക്ക് റഫർ ചെയ്തെന്ന് ബന്ധുക്കൾ പറഞ്ഞു.മൂന്നു ദിവസവും റെജിൻ ഐ.സി.യുവിൽ ആയിരുന്നു. മൂന്നു ദിവസമായി ആഹാരം കഴിച്ചിരുന്നില്ലെന്നും വെള്ളത്തിനോടും കാറ്റ് അടിക്കുമ്പോഴും അസ്വസ്ഥത കാണിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. വീടിനു മുന്നിൽവച്ച് ഒന്നര മാസം മുൻപ് തെരുവ് നായയുടെ നഖം കൊണ്ട് ചുമലിൽ ചെറിയ പോറൽ ഏറ്റിരുന്നു. സാരമായ മുറിവില്ലാത്തതിനാൽ പേവിഷ ബാധയ്ക്കെതിരെ കുത്തിവയ്പ് എടുത്തിരുന്നില്ലന്ന് വീട്ടുകാർ പറയുന്നു. എട്ടര മാസങ്ങൾക്ക് മുൻപ് റെജിനിന്റെ പിതാവ് ശബരിയാർ പനി ബാധിച്ച് മരിച്ചിരുന്നു.ആരോഗ്യ പ്രവർത്തകർ ഇന്നലെ വീട് സന്ദർശിക്കുകയുണ്ടായി .