ramesh-chennithala

തിരുവനന്തപുരം: വയനാട്ടിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഈ വർഷം ഇതോടെ കടം കയറി ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം 15 ആയി ഉയർന്നിരിക്കുകയാണ്. ഇത്രയേറെ കർഷകർ ആത്മഹത്യ ചെയ്തിട്ടും അത് തടയാൻ ഒന്നും ചെയ്യാതെ അവരെ കബളിപ്പിക്കുക മാത്രമാണ് സർക്കാർ. കാർഷിക കടങ്ങൾക്ക് മോറിട്ടോറിയം പ്രഖ്യാപിച്ച് മന്ത്രിസഭ തീരുമാനമെടുത്തെന്ന് വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രി പറഞ്ഞതല്ലാതെ അത് ഉത്തരവായി ഇറക്കാൻ മിനക്കെടാത്ത സർക്കാരാണിത്. ഇപ്പോഴാകട്ടെ ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റം വച്ചുകെട്ടി കൈകഴുകി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണിത്.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിശ്വസിച്ച് കാർഷിക വായ്പകൾക്ക് മൊറോട്ടോറിയം വന്നെന്ന ആശ്വാസത്തിലിരുന്ന കർഷകരെയും സർക്കാർ വഞ്ചിക്കുകയായിരുന്നു. ഇപ്പോൾ ബാങ്ക് ഉദ്യേഗസ്ഥർ വീടുകൾ തോറും കയറി ഭീഷണിപ്പെടുത്തി വായ്പകൾ തിരിച്ചടപ്പിക്കാൻ ശ്രമിക്കുകയാണ്. സഹകരണ ബാങ്കുകളിൽ നിന്ന് പോലും ഇപ്പോഴും കർഷകർക്ക് ജപ്തി നോട്ടീസുകൾ വരുന്നുണ്ട്.
ക്ഷേമ പെൻഷനുകൾ കുടിശ്ശികയിട്ട ശേഷം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെ അത് വിതരണം ചെയ്യുന്നു. ക്ഷേമ പെൻഷൻ സർക്കാർ ആസൂത്രതമായി കുടിശ്ശിക ഇട്ടത് ഗുരുതരമായ തെറ്റാണ്. ഇതിനെത്തുടർന്ന് ക്ഷേമ പെൻഷനുകൾ എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് പ്രതിപക്ഷം നേരത്തേ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പെൻഷൻ വിതരണത്തോടൊപ്പം രാഷ്ട്രീയ പ്രചരണത്തിനായുള്ള ലഘുലേഖകൾ വിതരണം ചെയ്യുന്നുവെന്നും വ്യാപകമായി പരാതികളുയരുന്നുണ്ട്. സഹകരണ സംഘങ്ങളെയും രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കുന്നു. ഇതവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.