വെള്ളറട: ശുദ്ധമായ കുടിവെള്ളം അതാണ് മറ്റെല്ലാവരെയും പോലെ വെള്ളറട ടൗണിലെ ജനങ്ങൾക്ക് ആവശ്യം. എന്നാൽ വേനൽ കടുത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ നാവുനനയ്ക്കാൻ ഒരു തുള്ളിപോലും കിട്ടാത്ത അവസ്ഥയാണ്. പ്രദേശത്ത് കുടിവെള്ള പദ്ധതികൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങളാണ് ജനങ്ങൾ അധികൃതർക്ക് നൽകിയത്. എന്നാൽ ഇതുവരെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ ഇവിടുത്തുകാർ ആകെ ആശ്രയിക്കുന്നത് വരൾച്ച അധികം ബാധിച്ചിട്ടില്ലാത്ത കിണറുകളെയാണ്. അതാകട്ടെ ഓര് നിറഞ്ഞതും.

കിണറുകളും വറ്റി

വേനൽ തുടങ്ങിയപ്പോൾ ആകെയുണ്ടായിരുന്ന ആശ്രയം കിണറുകളായിരുന്നു. എന്നാൽ ഇപ്പോൾ അതും വറ്റി വരണ്ടു. ഇവിടേക്ക് വെള്ളം എത്തിക്കാൻ ചെറുകിട പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടില്ല. ഇനിയുള്ള പ്രതീക്ഷ സർക്കാർ വക പൈപ്പ് ലൈനുകളാണ്. എന്നാൽ വെള്ളറട ടൗണിലേക്ക് പൈപ്പ് കണക്ഷനൊന്നും ഇതുവരെ കിട്ടിയിട്ടില്ല. കൊടും വരൾച്ച കൂടുംമ്പോൾ എല്ലാവർഷവും പഞ്ചായത്ത് മുൻകൈയെടുത്ത് പ്രദേശത്ത് ടാങ്കറിൽ വെള്ളം എത്തിക്കാറുണ്ട്.

 വെള്ളറട ടൗണിനും വേണം കാളിപ്പാറ പദ്ധതി

വെള്ളറട പഞ്ചായത്തിലൂടെയാണ് കാളിപ്പാറ പദ്ധതിയിൽ നിന്നുള്ള പൈപ്പ് ലൈൻ കടന്നുപോകുന്നത്. എന്നാൽ വെള്ളറടയിൽ ഇത് എത്തിയിട്ടില്ല. ആനപ്പാറ ഭാഗത്തുകൂടെ ടൗണിൽ എത്താതെയാണ് കാളിപ്പാറയിൽ നിന്നുള്ള പൈപ്പ് ലൈൻ കടന്നുപോകുന്നത്. ഉദ്ദേശം അരകിലോമീറ്ററോളം ദൂരം വരുന്ന ഠൗണിൽ കാളിപ്പാറ പദ്ധതിയിൽ നിന്നുള്ള പൈപ്പ് ലൈൻ നീട്ടിയാൽ പ്രശ്നത്തിന് താത്കാലിക പരിഹാരമെങ്കിലും കാണാൻ കഴിയും. പൈപ്പ് ലൈൻ നീട്ടിയാൽ ഹൗസ് കണക്ഷൻ എടുക്കാൻ ഉപഭോക്താക്കൾ കാത്തിരിക്കുകയാണ്. നിരവധി വീടുകളുള്ള പ്രദേശത്തുകൂടെ പൈപ്പ് ലൈൻ നീട്ടുന്നതോടെ വാട്ടർ അതോറട്ടറിക്കും പ്രയോജനം ഉണ്ടാകും. എം.എൽ.എ യോ ഗ്രാമപഞ്ചായത്തോ ഇടപെട്ട് വെള്ളറട വരെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിവേദനങ്ങളുമായി കയറിയിറങ്ങുകയാണ്. കടുത്ത കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണാൻ കാളിപ്പാറ പദ്ധതിയെ ആശ്രയിക്കുക മാത്രമേ വഴിയുള്ളു. വെള്ളറട ഗ്രാമപഞ്ചായത്തിന് മറ്റുകുടിവെള്ള പദ്ധതികളൊന്നും തന്നെയില്ലാത്ത സ്ഥിതിക്ക് ടൗണിൽ കാളിപ്പാറ പദ്ധതിയിൽ നിന്നു വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.